കൊച്ചി : മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ കിടപ്പ് രോഗികള്‍ക്ക് ഓക്സിജൻ കോണ്‍സൻട്രേറ്ററുകള്‍ സൗജന്യമായി നല്‍കി ആരാധക കൂട്ടായ്മ. ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികള്‍ക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് കോണ്‍സൻട്രേറ്ററുകള്‍ നല്‍കിയത്. ഓള്‍ കേരള മോഹൻലാല്‍ ഫാൻസ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് നടന്ന പിറന്നാള്‍ ആഘോഷം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമായ കോഴിക്കോട് സിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ ജാഫർ ഓക്സിജൻ കോണ്‍സെൻട്രേറ്റർ ഡോ. കെ ജി അലക്സാണ്ടറില്‍ നിന്ന് ഏറ്റുവാങ്ങി. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി എന്നിവർ നേതൃത്വം നല്‍കി.