കോട്ടയം: അതിഥികൾക്കായി അഞ്ചോ അതിലധികമോ മുറികൾ താമസസൗകര്യമുള്ള ഗ്രാമീണ മേഖലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റേറ്റിംഗ് നടത്തുന്നു. കേന്ദ്ര ടൂറിസം വകുപ്പും, കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവും, സ്വച്ച് ഭാരത് മിഷനും ചേർന്ന് നൽകുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ് പ്രവർത്തങ്ങൾ ശുചിത്വ മിഷൻ ആണ് സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത്. ഇത്തരം അതിഥിമന്ദിരങ്ങൾ ശുചിത്വ നിലവാരത്തിൽ പാലിക്കുന്ന കൃത്യതക്കുള്ള അംഗീകാരം ആയിരിക്കും സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ്. റേറ്റിംഗിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരത്തിലെ വിശ്വാസ്യതയും അതിലൂടെ ബിസിനസ്സ് സാധ്യതകളും വർധിപ്പിക്കുന്നതിന് സഹായകമാവും.
സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ് പ്രക്രിയ കൂടുതൽ എളുപ്പമുള്ളതാക്കുന്നതിന് കേരളം ഓൺലൈൻ പോർട്ടൽ തയാറാക്കിയിട്ടുണ്ട്. ബൾക്ക് വേസ്റ്റ് ജനറേറ്റഴ്സ് കാറ്റഗറിയിൽ വരുന്ന ഇത്തരം വലിയ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണ രംഗത്ത് മികച്ച നിലവാരം പുലർത്തുന്നതിലൂടെ മാലിന്യമുക്തം നവകേരളം കാമ്പയിൻ ലക്ഷ്യങ്ങൾ നേടുന്നതിന് സഹായകമാവും എന്നതിനാൽ സംസ്ഥാനം ഇതിന് വലിയ പ്രാധാന്യമാണ് നൽകുന്നത് എന്ന് ശുചിത്വ മിഷൻ അറിയിച്ചു. റേറ്റിംഗിനായി താഴെപ്പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് യൂസർനെയിമും, പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം സ്വയം വിലയിരുത്തൽ വഴി റേറ്റിങ്ങിനുള്ള അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ശുചിത്വ മിഷൻ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0481-2573606 രജിസ്ട്രേഷൻ ലിങ്ക്:https://sglrating.suchitwamission.org/