കൊച്ചി : കടംവാങ്ങിയ പണം തിരിച്ച് നല്‍കാൻ വൈകിയതിന് ഗൃഹനാഥനെ വീട് കയറി ആക്രമിച്ചതായി പരാതി. പെരുമ്ബാവൂര്‍ കാഞ്ഞിരമറ്റത്തെ മാർട്ടിനാണ് മർദ്ദനമേറ്റത്. എറണാകുളം ഡിസിസി സെക്രട്ടറി അജിത് അമീർ ബാവയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് മാർട്ടിൻ പരാതി നല്‍കി. അജിത് അമീർ ബാവ, ഭാര്യാസഹോദരൻ അടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
പലിശയ്ക്ക് ആറര ലക്ഷം രൂപയാണ് താൻ വാങ്ങിയതെന്ന് മാർട്ടിൻ പറയുന്നു. ബ്രോക്കർ വഴിയാണ് ഡിസിസി സെക്രട്ടറിയെ പരിചയപ്പെട്ടത്. പിന്നീട് രണ്ട് മൂന്ന് പ്രാവശ്യം വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കി. ആറര ലക്ഷം വാങ്ങിയതിന് 21 ലക്ഷം രൂപ തിരിച്ചുകൊടുക്കണമെന്നാണ് പറയുന്നതെന്നും മാർട്ടിൻ പറഞ്ഞു. എന്നാല്‍ താൻ ആർക്കും പണം പലിശയ്ക്ക് നല്‍കിയിട്ടില്ലെന്നാണ് ഡിസിസി സെക്രട്ടറി അജിത് അമീർ ബാവയുടെ പ്രതികരണം. ഭൂമി തരാമെന്ന് പറഞ്ഞ് 20 ലക്ഷത്തോളം രൂപ മാർട്ടിൻ വാങ്ങി. വാഹനം പണയം നല്‍കി രണ്ട് ലക്ഷവും വാങ്ങി. എന്നാല്‍ പണമോ ഭൂമിയോ നല്‍കിയില്ല. അത് ചോദിക്കാനാണ് വീട്ടിലേക്ക് ചെന്നത്. മാർട്ടിൻ ഉടൻ കൈഞരമ്ബ് മുറിക്കുകയായിരുന്നു. തന്‍റെ ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്തു. കുന്നത്ത്നാട് പഞ്ചായത്ത് പ്രസിഡന്‍റിന് സംഭവത്തില്‍ പങ്കില്ലെന്നും അജിത് അമീർ ബാവ വിശദീകരിച്ചു.