തൃശൂര്‍: മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) കരസ്ഥമാക്കി. സെന്‍സറി ഗാര്‍ഡന്‍, സെന്‍സറി പാര്‍ക്ക്, ഏഴു നിലകളിലേക്കും തടസ്സരഹിത പ്രവേശനത്തിനുള്ള സംവിധാനങ്ങള്‍, ഭിന്നശേഷി സൗഹൃദ വാഹന സൗകര്യം എന്നിവ സജ്ജീകരിച്ചാണ് നിപ്മര്‍ ഈ നേട്ടം കൈവരിച്ചത്. നിപ്മര്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള സിവില്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കോസ്റ്റ്‌ഫോര്‍ഡ് ആണ്.
ഡിസംബര്‍ 3-ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല ലോക വൈകല്യ ദിനാചരണച്ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന മികച്ച വികലാംഗ ജീവനക്കാരന്‍, വൈകല്യമുള്ള ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ സ്ഥാപനം, ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സന്നദ്ധ സംഘടന, സ്ഥാപനം, വൈകല്യമുള്ള മികച്ച മാതൃകാ വ്യക്തി തുടങ്ങി 18 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട നിരവധി അപേക്ഷകളില്‍ നിന്നും നവംബര്‍ 23-ന് ചേര്‍ന്ന സംസ്ഥാനതല അവാര്‍ഡ് നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.