പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ 119 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളും വിജയിച്ച ശിഖര്‍ധവാനും സംഘവും പരമ്പര തൂത്തുവാരി. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് 36 ഓവറില്‍ നേടി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനഃര്‍നിശ്ചയിച്ചു. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി.
വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ രണ്ടാം ഓവറില്‍ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. കൈല്‍ മേയേഴ്സ് 0(1), ഷമാറ ബ്രൂക്സ് 0(2) എന്നിവരെ പുറത്താക്കി. പിന്നീടെത്തിയ ബ്രാന്‍ഡണ്‍ കിങ് 42(37), ഷായ് ഹോപ്പ് 22(33) എന്നിവര്‍ തകര്‍ച്ചയില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തി. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കെ ചാഹലിന്റെ പന്തില്‍ ഹോപ്പിനെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ കിങ്ങിനെ അക്സര്‍ പട്ടേല്‍ പുറത്താക്കിയതോടെ വിന്‍ഡീസ് വീണ്ടും പതറി. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍ 42(32) മാത്രമാണ് പിന്നീട് പിടിച്ച് നിന്ന ഏക ബാറ്റര്‍. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ നായകന്‍ ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ധവാന്‍ 74 പന്തില്‍ 58 റണ്‍സെടുത്തു. ഗില്‍ 98 പന്തില്‍ 98 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും 113 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഗില്ലിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ 6 റണ്‍സ് (8) പുറത്താകാതെ നിന്നു. ശുഭ്മാന്‍ ഗില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.