അമ്പലപ്പുഴ: കടലാക്രമണം ശക്തമായതോടെ പുന്നപ്ര വിയാനിയില്‍ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി വീണു. പുന്നപ്ര ചള്ളി തീരത്തിന് വടക്കോട്ട് അര കിലോ മീറ്ററോളമുള്ള വിയാനി കടപ്പുറം വരെ കടല്‍ ഭിത്തിയില്ല. ഈ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ കടലാക്രമണം ശക്തമായത്. തീരത്തെ പല വീടുകളിലും വെള്ളം കയറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുറംകടലില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ കുറ്റന്‍ തിരമാലകള്‍ ശക്തിയാര്‍ജിച്ച് കരയിലേക്ക് ഇരച്ചു കയറിയതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. തീരത്ത് കയറ്റി വച്ചിരുന്ന പൊന്തുവള്ളങ്ങളെയും കടലെടുത്തു. വാടക്കല്‍ അറപ്പ പൊഴി ഭാഗത്തും കടല്‍ക്ഷോഭം ശക്തമാണെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് 27-ാം തീയതി വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. 26ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും 27ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.