കൊച്ചി: ഇന്നലെ വൈകുന്നേരം മുതൽ മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ എറണാകുളം ജില്ല കനത്ത ജാഗ്രതയിൽ. നിലവിൽ ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന്റേതായ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
ഇന്നും രാവിലെ മുതൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കാൻ ഉൾപ്പെടെ നിർദ്ദേശം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് നിലവിൽ ആശങ്കയില്ലെന്നും അധികൃതർ അറിയിച്ചു. ആവശ്യമെങ്കിൽ അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് വർദ്ധിപ്പിക്കും. അങ്ങനെ വേണ്ടിവന്നാലും പെരിയാറിൽ ജലനിരപ്പ് 20മുതൽ 40വരെ സെന്റീമീറ്റർ മാത്രമേ ഉയരൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് ഇന്നലെ രാത്രിവൈകിയും ശമനമായിട്ടില്ല. വൈകിട്ട് വീണ്ടും മഴ കനത്ത സാഹചര്യത്തിൽ കണയന്നൂർ താലൂക്കിലെ പി ആൻഡ് ടി കോളനിയിലെ കുടുംബങ്ങൾക്കായി ക്യാമ്പ് തുറന്നു.
ഖനനത്തിന് നിരോധനം
ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നതിനാൽ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിറുത്തി വയ്ക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉത്തരവിട്ടു.
അവധി ഓ.കെ…പക്ഷേ, പരീക്ഷ??
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ന് നടക്കേണ്ട പരീക്ഷകൾ സംബന്ധിച്ച് പ്രത്യേക അറിയിപ്പുകളോ നിർദ്ദേശങ്ങളോ ലഭിക്കാത്തത് ആശങ്കയ്ക്ക് ഇടയാക്കി. സാധാരണയായി അവധി പ്രഖ്യാപിക്കുന്നതിനു പിന്നാലെ പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ചും പകരം തീയതികൾ സംബന്ധിച്ചും അറിയിപ്പുകളുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല.