കൊച്ചി: ഓണം മുന്നിൽ കണ്ട് സാധനങ്ങൾ എത്തിച്ചവരുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയാണ് ദുരിതപ്പേമാരി നഗരത്തിൽ പെയ്തിറങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ പെയ്ത മഴയിൽ നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ നഷ്ടമുണ്ടായത് 2,000ലേറെ വ്യാപാര സ്ഥാപനങ്ങൾക്കാണ്. നഷ്ടത്തിന്റെ കണക്ക് വ്യാപാരി സംഘടനകൾ ശേഖരിക്കുന്നുണ്ട്.
പലചരക്ക് പച്ചക്കറി കടകൾ, സ്റ്റേഷനറി കടകൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, ചെരുപ്പ് കടകൾ, ഹാർഡ്വെയർ സ്ഥാപനങ്ങൾ തുടങ്ങിയവ വെള്ളത്തിലായി. പലചരക്ക് കടകളിലെ 80ശതമാനം സാധനങ്ങളും നശിച്ചു. തട്ടുകളിൽ സൂക്ഷിച്ചിരുന്ന പായ്ക്കറ്റ് സാധനങ്ങളും ബോട്ടിൽ ഐറ്റങ്ങളും മാത്രമാണ് വിൽക്കാനാവുക. മുൻ വർഷങ്ങളിലെ ഓണക്കാല പ്രതിസന്ധികൾ നീങ്ങി വമ്പൻ കച്ചവടം ലക്ഷ്യമിട്ട് സ്റ്റോക്കിറക്കിയ വസ്ത്ര വ്യാപാരികൾക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച സ്റ്റോക്കുകൾ കെട്ട് പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നവർക്കാണ് തിരിച്ചടിയായത്. നനഞ്ഞ വസ്ത്രങ്ങൾ കമ്പനികൾ തിരിച്ചെടുക്കില്ല. വിൽക്കാനുമാകില്ല. ഗോഡൗണുകളിലുൾപ്പെടെ വെള്ളം കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെളികോരാനും വേണം പണം
സാധനങ്ങളുടെ നാശനഷ്ടവും വില്പന മുടക്കത്തിനും പുറമേ വെള്ളം കയറി കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. ഇത് നന്നാക്കാനും വൻതുക ചെലവാക്കണം. ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാൻ കൂലിക്ക് ആളെ നിറുത്തണം. വൃത്തിയാക്കാൻ വരുന്നവർ ഇരട്ടിക്കൂലി ഈടാക്കുന്നുണ്ട്.
സർക്കാർഇടപെടണം
നഗരത്തിലെ കടകളിലുണ്ടായ കോടികകളുടെ നാശനഷ്ടം നികത്താൻ സർക്കാർ ഇടപെടണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതിയും കേരള മർച്ചന്റ്സ് ചേംബർ ഒഫ് കകൊമേഴ്സും ആവശ്യപ്പെട്ടു.
നഗരാസൂത്രണത്തിലെ പാളിച്ചയാണ് പ്രശ്നങ്ങൾ ഗുരുതരമാക്കിയത്. ചെളികോരിയിട്ട് മാത്രം കാര്യമില്ല ശാശ്വത പരിഹാരം ഉണ്ടാവുകയാണ് വേണ്ടതെന്ന് സംഘടന പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ പറഞ്ഞു.
നഗരത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ 300ലേറെ കടകളിലാണ് വെള്ളം കയറിയത്. 10കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് വിലയിരുത്തലെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
നാല് തവണ വെള്ളം കയറി; നഷ്ടത്തിന്റെ നടുവിൽ തിയോഫിൻ
എം.ജി റോഡിലെ ചന്ദ്രിക ബിൽഡിംഗിൽ വാച്ച് കട നടത്തുന്ന തിയോഫിന് നഷ്ടങ്ങളുടെ സമയമാണ്. മൂന്ന് മാസത്തിനിടെ നാല് തവണയാണ് കടയിൽ വെള്ളം കയറിയത്. താഴത്തെ നിലയിലെ ചെറിയ ഷട്ടർമുറിയിലേക്ക് കാനയിൽ നിന്ന് വെള്ളം ഇരച്ചുകയറും. റിപ്പയറിംഗ് സാധനങ്ങളും സ്പെയർ പാർട്സും നന്നാക്കാനെത്തിച്ച സാധനങ്ങൾക്കുമെല്ലാം കേടുപാട് സംഭവിക്കും. 35വർഷമായി വാച്ച് കട നടത്തുന്ന തിയോഫിൻ മൂന്ന് വർഷം മുൻപാണ് ഇയ്യാട്ടുമുക്കിൽ നിന്ന് എം.ജി റോഡേേിലക്ക് കട മാറ്റിയത്. ഒരുതവണ വെള്ളം കയറിയാൽ 10,000 രൂപയിലേറെ നഷ്ടമുണ്ടാകും. കഴിഞ്ഞ വർഷം 50,000രൂപയുടെ നഷ്ടമുണ്ടായി. ഭാര്യ ജാസ്മിനും ബിരുദ വിദ്യാർത്ഥിയായ മകൾ തിംമ്നയും ഉൾപ്പെട്ട കുടുംബത്തിന്റെ വരുമാന മാർഗമാണ് വാച്ചുകട.