മലയാള സിനിമയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ കേരളത്തിലെ ഫിലിം ചേബർ നേരിട്ട് നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി (ICC) സമ്പൂർണ പരാജയമാണെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഐസിസി മാത്രം പോരാ, സിനിമയിലെ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ സ്വതന്ത്ര ചുമതലയുള്ള സംവിധാനം വേണം. അത്തരമൊരു സംവിധാനത്തെ സർക്കാർ നേരിട്ട് നിയോഗിക്കണമെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നു.
ലിംഗപരമായ അനീതി സംബന്ധിച്ച സംഭാഷണമോ സാഹചര്യമോ ഇല്ലെന്നു വ്യക്തമാക്കുന്ന സാക്ഷ്യപ്പെടുത്തലുകള്‍ എല്ലാ ചലച്ചിത്രങ്ങളിലും കാണിക്കണമെന്നും ഹേമ കമ്മിറ്റിയുടെ ശുപാർശയിലുണ്ട്. റിപ്പോർട്ടിലെ വിവരങ്ങള്‍ ഹേമാ കമ്മീഷന് സ്വയം ടൈപ്പ് ചെയ്യേണ്ടി വന്നു. രഹസ്യാത്മക സൂക്ഷിക്കാൻ കഴിയുന്ന സ്റ്റെനോഗ്രാഫറെ ലഭിക്കാത്തതിനെ തുടർന്നായിരുന്നു അതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം വ്യാപകമാണെന്നാണ് കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാർശകളുമാണ് റിപ്പോർട്ടിലുള്ളത്. മറ്റൊരു തൊഴില്‍ മേഖലയിലും ഇല്ലാത്ത അത്രയും ചൂഷണമാണ് സ്ത്രീ ജീവനക്കാർക്ക് നേരെ മലയാള സിനിമയില്‍ നടക്കുന്നതെന്നാണ് റിപ്പോർട്ടിന്റെ കാതല്‍.