ദില്ലി: ഹേമകമ്മറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സുപ്രീംകോടതിയില്‍ ശക്തമായി എതിർത്ത് സംസ്ഥാനസർക്കാരും വനിത കമ്മീഷനും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമെന്നും സിനിമരംഗത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സർക്കാർ വാദിച്ചു. സജിമോൻ പാറയിലന്റെ ഹർജി തള്ളണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കനാണ് അന്വേഷണം നടക്കുന്നതന്ന് വനിത കമ്മീഷൻ വ്യക്തമാക്കി.
കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാല്‍ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാല്‍ തെളിവുകള്‍ ഇല്ലെങ്കില്‍ കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്ന് നിരീക്ഷിച്ചു. എന്തിനാണ് സജിമോൻ പാറയില്‍ അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ സിനിമ നിർമ്മാതാവായ തനിക്കെതിരെ പോലും ഈ മൊഴികള്‍ ഉപയോഗിക്കാനാകുമെന്ന് സജിമോൻ പാറയില്‍ വാദിച്ചു. എന്നാല്‍ സജിമോന് പിന്നില്‍ സിനിമരംഗത്തെ വലിയ വ്യക്തികളാണെന്ന് ഡബ്ല്യുസിസിയും ആരോപിച്ചു.