അയോധ്യ: ഇന്ന് രാമനവമി. അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനമാണിത്. രാമനവമിയുടെ ആശംസകള്‍ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും നേരുന്നതായി പ്രധാമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഹൃദയം ഏറെ സന്തോഷിക്കുന്ന അവസരമാണിത്. ശ്രീരാമന്റെ അനുഗ്രഹം ഏറെയെത്തുന്ന വർഷമാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളേപ്പോലെ തനിക്കും പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാൻ സാധിച്ചു. അന്നത്തെ ദൃശ്യങ്ങള്‍ അതേ ഊർജ്ജത്തോടെ ഇന്നും തന്റെ മനസിലുണ്ടെന്നും പ്രധാനമന്ത്രി എക്സിലെ കുറിപ്പില്‍ വിശദമാക്കി.
രാമനവമി ദിനത്തില്‍ ഇന്ന് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. 30 ലക്ഷം വരെ തീർത്ഥാടകർ ഇന്ന് അയോധ്യ രാമ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ സംഘപരിവാർ സംഘടനകളും, തൃണമൂല്‍ കോണ്‍ഗ്രസും കൊല്‍ക്കത്തയില്‍ ഉള്‍പ്പടെ ശോഭായാത്ര സംഘടിപ്പിക്കുന്നുണ്ട്. രാമനവമി ദിനത്തില്‍ ആദ്യമായി സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഇന്ന് പ്രത്യേക ചടങ്ങുകളാണ് നടക്കുക. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകള്‍ ആണ് ഇവയില്‍ പ്രധാനപ്പെട്ടത്. സൂര്യ തിലക് എന്ന പേരിലാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. സൂര്യ രശ്മികള്‍ ശ്രീരാമ പ്രതിഷ്ഠയുടെ നെറ്റിയില്‍ പതിക്കുന്നതാണ് സൂര്യ അഭിഷേക് എന്ന ചടങ്ങ്. രാവിലെ 11.58 മുതല്‍ 12.03 വരെയാണ് ഈ ചടങ്ങ് നടക്കുക. ഐഐടി സംഘമാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ ചെയ്തത്. ഇതിന്റെ വിജയകരമായ രണ്ട് പരീക്ഷണങ്ങളും ഇതിന് മുൻപ് നടന്നിരുന്നു. ഹൈ ക്വാളിറ്റി കണ്ണാടികളുടേയും ലെൻസുകളുടേയും സഹായത്തോടെയാണ് സൂര്യ രശ്മികള്‍ പ്രതിഷ്ഠയുടെ നെറ്റിയില്‍ പതിപ്പിക്കുക.