വാഷിങ്ടണ്‍: സിറിയയിലെ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകള്‍ക്കിടയില്‍ ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകള്‍ അയച്ച് അമേരിക്ക. തിരിച്ചടി ഉടനുണ്ടായേക്കുമെന്നും ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നുമാണ് യു.എസ്. ഇന്റലിജൻസ് ഏജൻസികള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് യു.എസ്. ഇസ്രയേലിന് സൈനിക സഹായം നല്‍കിയത്.
മേഖലയിലെ ഇസ്രയേലി, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ്. സൈനിക സഹായങ്ങള്‍ അയച്ചത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവില്‍ ചെങ്കടലിലുള്ള എസ്.എസ്. കാർനിയാണ് അമേരിക്ക അയച്ച ഒരു യുദ്ധക്കപ്പല്‍. ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും കപ്പല്‍വേധ മിസൈലുകളും പ്രതിരോധിക്കുന്ന വ്യോമദൗത്യമാണ് ചെങ്കടലില്‍ യു.എസ്.എസ്. കാർനിക്കുള്ളത്. ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ തന്നെ ഇസ്രയേലിന് നല്‍കിയിട്ടുണ്ട്. അതേസമയം ഒരുകാരണവശാലും ആക്രമിക്കരുതെന്ന് ഇറാനോടും നിർദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം വോള്‍ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. ഇസ്രയേലില്‍ എവിടെയും ഏതു സമയത്തും ആക്രമണം നടക്കാമെന്ന് റിപ്പോർട്ടില്‍ പറയുന്നു. ആക്രമണപദ്ധതി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നിലുണ്ടെന്നും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പറഞ്ഞതായാണ് വിവരം. ഗാസയില്‍ ആറുമാസം പിന്നിട്ട യുദ്ധം ഇസ്രയേലും സായുധസംഘടനയായ ഹമാസും തമ്മിലുള്ളതാണെങ്കില്‍ ഇറാൻ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കുന്നതിലൂടെ അത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ളതാകും.
ആക്രമണഭീതി ഉടലെടുത്തതോടെ ഇസ്രയേലില്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ജനം. ഊർജവിതരണം തടസ്സപ്പെടുമെന്നതിനാല്‍ ജനറേറ്ററുകളും വൻതോതില്‍ വിറ്റഴിയുന്നു.