തിരുവനന്തപുരം : ഹൈറിച്ച് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കാള്‍ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത് അഭികാമ്യമെന്നാണ് ഡിജിപിയുടെ വിലിയിരുത്തല്‍. ഇഡിയും കേസന്വേഷണം നടത്തുകയാണ്. 750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. മള്‍ട്ടിലെവല്‍ മാർക്കറ്റിംഗ് ബിസിനസിന്റെ മറവില്‍ ആയിരത്തി അറുനൂറ് കോടിയിലേറെ രൂപ വിവിധ വ്യക്തികളില്‍ നിന്ന് ശേഖരിച്ച ഹൈറിച്ച് ഉടമകള്‍ ഒടിടി ഫ്ലാറ്റ് ഫോമിന്റെ പേരിലും ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍.
ഓഹരി വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് അഞ്ച് ലക്ഷം വീതം 200 ലേറെ പേരില്‍ നിന്ന് പണം പിരിച്ചതായാണ് കണ്ടെത്തല്‍. ഏതാണ്ട് 12 ലക്ഷംത്തിലേറെ വരിക്കാർ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഹൈറിച്ച് ഒടിടി എന്ന പേരില്‍ ഉടമകള്‍ പുറത്തിറക്കിയ ഈ ഫ്ലാറ്റ് ഫോം വാങ്ങിയത് വിജേഷ് പിള്ളയില്‍ നിന്നാണെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതാപനും ഭാര്യ ശ്രീനയും നല്കിയ മൊഴി. എത്ര കോടിരൂപയാണ് വിജേഷ് പിള്ളയക്ക് നല്‍കിയതെന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്. നേരത്തെ സ്വർണ്ണകടത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജേഷ് പിള്ള സമീപിച്ചെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും സ്വപ്ന സുരേഷ് ആരോപണം ഉന്നയിക്കുകയും സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്. ഇതേ വിജേഷിനെതിരെയാണ് ഹൈ റിച്ച് കേസിലും അന്വേഷണം നടക്കുന്നത്.