കൊച്ചി : ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസിലെ പ്രതി ഹൈറിച്ച് കമ്പനി ഉടമ കെ.ഡി പ്രതാപന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. കേസിലെ പ്രതിയായ കമ്പനിയുടെ സിഇഒയും പ്രതാപന്‍റെ ഭാര്യയുമായ ശ്രീന ഹാജരായില്ല. രാവിലെ പത്ത് മണിയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ പ്രതാപന്‍ എത്തിയത്. തൃശൂരിലെ വസതിയില്‍ ഇഡി റെയിഡിനെത്തുന്ന വിവരം അറിഞ്ഞാണ് പ്രതാപനും ശ്രീനയും ഒളിവില്‍ പോയത്. കേസ് ഇന്ന് പരിഗണിക്കവെ ഇഡി ഓഫീസില്‍ ഹാജരാകാമെന്ന് ഇവര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ എന്‍ഫോര്‍സ് മെന്‍റിന്‍റെ അന്വേഷണത്തോട് സഹകരിച്ചുകൂടെ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. പ്രതാപനെ ഇഡി ചോദ്യം ചെയ്യുകയാണ്.
മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തി മൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടി. ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.