കേരളത്തില്‍ കാലവർഷം എത്തിയെങ്കിലും ഉത്തരേന്ത്യയില്‍ ആളുകള്‍ ഇപ്പോഴും ചൂടില്‍ ഉരുകുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തീവ്രമായ ഉഷ്ണതരംഗം പ്രഖ്യാപിക്കുകയും ചൂടില്‍ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഉയരുന്ന താപനിലയില്‍ മനുഷ്യർ മാത്രമല്ല ബുദ്ധിമുട്ടുന്നത്. സമീപകാല താപനിലയിലെ വർധനയില്‍ മൃഗങ്ങളും പക്ഷികളും ഒരുപോലെ കഷ്ടപ്പെടുകയാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും തെളിവ് നല്കുന്നു. മധ്യപ്രദേശില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ പക്ഷികളും വവ്വാലുകളും ചത്ത് കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു.
മധ്യപ്രദേശിലെ രത്ലാമിലാണ് പക്ഷികളും വവ്വാലുകളും ഉഷ്ണതരംഗത്തില്‍പ്പെട്ട് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. രത്ലാമില്, താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍. ഇത്രയും താപനിലയെ അതിജീവിക്കാൻ പക്ഷികള്‍ക്ക് സാധിക്കില്ല. രത്ലാമിലെ മുനിസിപ്പല്‍ ഓഫീസിന് സമീപത്താണ് പക്ഷികളെ ചത്തനിലയില്‍ കണ്ടത്തിയത്. പക്ഷികളില്‍ ഉഷ്ണതരംഗത്തിന്റെ ഹൃദയഭേദകമായ ആഘാതം കാണിക്കുന്ന സംഭവത്തിന്റെ വീഡിയോ @ourmadhyapradesh എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലില്‍ നിന്നാണ് പങ്കുവയ്ക്കപ്പട്ടത്.