തിരുവനന്തപുരം: ശശി തരൂരിന്റെ വിവാദ നിലപാടുകള്‍ക്ക് കാരണം എഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ചെന്നതിന്റെ പേരില്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും അവഗണിക്കുന്നുവെന്ന വികാരം. ലോക്ഭയിലും സംഘടനാകാര്യങ്ങളിലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നതാണ് തരൂരിന്റെ പരാതി. ഇടഞ്ഞ് നില്ക്കുന്ന തരൂരിനെ ഒപ്പം കൂട്ടാൻ ബിജെപിയിലെയും സിപിഎമ്മിലെയും ഉന്നത നേതാക്കള്‍ നീക്കം തുടങ്ങിയെന്നാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യമടക്കം പരസ്യമായി ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയുള്ള തരൂരിന്റെ നീക്കത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധം. ഒരു പരിഗണനയും പാര്‍ട്ടിയില്‍ ഇല്ലെന്ന് പരാതി അദ്ദേഹത്തിനുണ്ട്. ലോക്സഭയില്‍ അര്‍ഹമായ അവസരം നല്‍കുന്നില്ല. വിദേശ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്റി സമിതി അധ്യക്ഷ സ്ഥാനം നല്‍കിയെങ്കിലും പൂര്‍ണ തൃപ്തിയില്ല. പ്രവര്‍ത്തക സമിതി അംഗമെന്നതിന് അപ്പുറം സംഘടനാ കാര്യങ്ങളില്‍ റോള്‍ കിട്ടുന്നില്ല. താൻ രൂപീകരിച്ച പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ രീതിയിലും തരൂരിന് കടുത്ത അതൃപ്തിയുണ്ട്. സ്ഥിരം പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് പേരില്‍ ഒരാളായിട്ടും സംസ്ഥാന കോണ്‍ഗ്രസിലെ ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്നും പരാതിയുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പരാതി അറിയിച്ച അദ്ദേഹം ഇതേ കാര്യം അടുപ്പമുള്ള നേതാക്കളോട് ആവര്‍ത്തിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെക്കാള്‍ പാര്‍ട്ടിയിലെ പരിഗണനയാണ് തരൂര്‍ ആവശ്യപ്പെടുന്നത്. അവഗണന തുടര്‍ന്ന് എന്തിന് ഇവിടെ നില്‍ക്കണമെന്നാണ് അനുനയനീക്കം നടത്തിയ നേതാക്കളോട് അദ്ദേഹം ചോദിച്ചത്. ഇടത് സര്‍ക്കാരിനെയും മോദി ട്രംപ് കൂടിക്കാഴ്ചയെയും തരൂര്‍ പ്രശംസിച്ചു. വേറെ വഴി നോക്കുമെന്നും അഭിമുഖത്തില്‍ തുറന്നു പറഞ്ഞതോടെയാണ് തരൂരിനെ കൂട്ടാൻ ഇതര പാര്‍ട്ടികളിലുള്ളവര്‍ കരുനീക്കം തുടങ്ങിയത്. വിവാദ പ്രസ്താവനകളോട് യോജിപ്പില്ലെങ്കിലും തരൂര്‍ പാര്‍ട്ടി വിട്ടുപോയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് നിലപാടുള്ളവര്‍ കോണ്‍ഗ്രസിലും യുഡിഎഫിലമുണ്ട്. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു.