കൊച്ചി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. കോഴിക്കോട് റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തില്‍ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം- ഫാരിസ ദമ്പതികളുടെ മകള്‍ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്ബതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു നാല് പേരും.