കൊച്ചി : വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന് വിലയില്ലേയെന്നും നഷ്ടപരിഹാരം നല്‍കിയാല്‍ ഒഴിഞ്ഞുപോകാമെന്ന് പറയുന്നവർക്ക് അത് കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു നയം ഉണ്ടാക്കണമെന്നും വനംവകുപ്പിനോട് ഹൈക്കോടതി നിർദേശിച്ചു.
വനാതിർത്തിയില്‍നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെയാണ് വനംവകുപ്പിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. വയനാട്ടില്‍ കഴിഞ്ഞ ദിവസമാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടർ ഡ്രൈവർ പടമല ചാലിഗദ്ദ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്.
ആ സംഭവത്തിന് ശേഷം വനംവകുപ്പിനുണ്ടായ അനാസ്ഥയിലും വന്യജീവി അക്രമണത്തിലും വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്. ഇതിനു പിന്നാലെയാണ് വനംവകുപ്പിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചിരിക്കുന്നത്. അതേസമയം, കർഷകനെ കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാനായി പുറപ്പെട്ട ദൗത്യം മിഷൻ മഖ്ന വിജയത്തിലേക്ക് അടുക്കുന്നതായാണ് റിപ്പോർട്ട്. ആനയെ വളഞ്ഞ് സംഘം ഉടൻ മയക്കുവെടി വെയ്ക്കും. നാല് കുങ്കി ആനകളും സജ്ജരാണ്. മണ്ണുണ്ടി കോളനിക്ക് സമീപമുള്ള വനത്തില്‍ തന്നെയാണ് ആന ഇപ്പോഴുമുള്ളത്. 200 അംഗദൗത്യസംഘം വനത്തില്‍ തുടരുകയാണ്. സാഹചര്യം അനുകൂലമായാല്‍ ഉടൻ മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ് തിങ്കളാഴ്ച ഉച്ചയോടെ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.