കൊച്ചി: തിരുവനനന്തപുരം വഞ്ചിയൂരില്‍ റോഡ് കയ്യേറിയുള്ള സിപിഎം സമ്മേളനത്തില്‍ പൊലീസിനെ എടുത്തിട്ട് കുടഞ്ഞ് ഹൈക്കോടതി. സ്റ്റേഷന്റെ മുന്നില്‍ തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ഡിവിഷന് ബെഞ്ച് തുറന്നടിച്ചു. സംസ്ഥാന പൊലീസ് മേധാവിയോട് കോടതി റിപ്പോര്‍ട്ട് തേടി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തിയുള്ള സിപിഐ സമരത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ആലോചിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രഥമദൃഷ്ട്യാ നിയമലംഘനം കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് അനങ്ങിയില്ലെന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ വഞ്ചിയൂര്‍ എസ് എച്ച് ഒ യോട് കോടതി ചോദിച്ചു. സ്റ്റേജ് അഴിച്ചു മാറ്റാന്‍ സിപിഎം ഏര്യാ സമ്മേളനത്തിന്റെ കണ്‍വീനറോട് പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്ന് എസ് എച്ച് ഒ മറുപടി നല്കി. അത് കേട്ട് കയ്യും കെട്ടി നോക്കിനിന്നോ എന്ന് ഡിവിഷന് ബെഞ്ച് ആരാഞ്ഞു.