തൃശൂർ പൂരം; എഴുന്നള്ളത്തില്‍ നിയന്ത്രണങ്ങളുമായി ഹൈക്കോടതി; ആനയ്ക്കും പൂര പ്രേമികൾക്കുമിടയിൽ ആറ് മീറ്റർ അകലം നിർബന്ധം

കൊച്ചി :തൃശ്ശൂർ പുരത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ പൂരം എഴുന്നള്ളത്തില്‍ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. ആനകളുടെ മുന്നില്‍ ആറ് മീറ്റർ ഒഴിച്ചിടണമെന്നും ഈ പരിധിയില്‍ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്നും കോടതി നിർദേശം നല്‍കി. കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
ആനകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഓരോ സർട്ടിഫിക്കറ്റും ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ചീഫ് വൈല്‍ഡ് ലൈഫ് വാർഡനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആനകളുടെ ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും ഹൈക്കോടതി ചുമതലപ്പെടുത്തി.

Advertisements

18-ന് അഭിഭാഷകർ തൃശ്ശൂരിലെത്തി പൂരനടത്തിപ്പിന്റെ സമയത്ത് ഫിറ്റ്നസ് പരിശോധന പൂർണമായും നിരീക്ഷിച്ച്‌ കോടതിക്ക് റിപ്പോർട്ട് നല്‍കണമെന്നാണ് നിർദേശം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്നും കോടതി വ്യക്തമാക്കി. ആനകളുടെ 50 മീറ്റർ പരിധിയില്‍ താളമേളങ്ങളും തീവെട്ടിയും ആളുകളും പാടില്ലെന്ന പ്രിൻസിപ്പല്‍ ഫോറസ്റ്റ് കണ്‍സർവേറ്ററുടെ സർക്കുലർ വിവാദമായതോടെ പിൻവലിച്ചിരുന്നു. തുടർന്ന് സുരക്ഷിത ദൂരത്തേക്ക് ആളുകളടക്കം മാറണമെന്ന നിർദേശം നല്‍കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി അകലം 6 മീറ്ററായി നിജപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അതില്‍ വിട്ടുവീഴ്‌ച ചെയ്യാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തില്‍ കഠിനമായ ചൂടാണ്. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിർദേശിക്കുന്നതെന്നും കോടതി പറഞ്ഞു. നേരത്തേ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചിരുന്നു.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് മുതല്‍ ആറ് മീറ്ററാണ് തങ്ങള്‍ നിർദേശിക്കുന്നതെന്ന് തിരുവമ്ബാടി ദേവസ്വം അറിയിച്ചു. തുടർന്ന് ഇത് കോടതി അനുവദിച്ചു. പ്രധാന ആനയുടെ മുമ്ബിലായി കുത്തുവിളക്ക് എഴുന്നള്ളിക്കുന്ന ആചാരം അനുവദിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, തീവെട്ടിയും ചെണ്ടമേളവും ഉള്‍പ്പെടെയുള്ളവ ഈ ദൂരത്ത് ഉണ്ടാവരുതെന്നും കോടതി നിർദേശിച്ചു.

ഈ മാസം 19നാണ് തൃശൂർ പൂരം. ഇതിന്റെ ഭാഗമായി 18ന് ആനകളുടെ ഫിറ്റ്‌നസ് പരിശോധനകള്‍ നടത്തും. 100 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുന്നത്. ജില്ലാ കളക്‌ടർ അദ്ധ്യക്ഷനായ സമിതിയാണ് ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കുക. എന്നാല്‍, ആനകള്‍ ഫിറ്റാണെന്ന് ഉറപ്പാക്കേണ്ടത് വനംവകുപ്പിന്റെ ചീഫ് വൈല്‍ഡ്‌ലൈഫ് വാർഡന്റെ ഉത്തരവാദിത്തമായിരിക്കുമെന്ന് കോടതി നിർദേശിച്ചു.

ആനകള്‍ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്‍ വിട്ടുവീഴ്‌ച ഉണ്ടാവില്ലെന്ന് ചീഫ് വൈല്‍ഡ്‌ ലൈഫ് വാർഡൻ ഉറപ്പാക്കണം. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുമ്ബോള്‍ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങളുടെ പ്രസിഡന്റുമാർ അവിടെ ഉണ്ടായിരിക്കണമെന്നും പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടരുതെന്നും കോടതി നിർദേശിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ധാരണയുള്ള കാര്യങ്ങള്‍ അവർക്ക് സമിതിയെ അറിയിക്കാം.

വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പൂരസ്ഥലത്ത് ഉണ്ടായിരിക്കണം. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരടങ്ങുന്ന 100 പേരുടെ സ്ക്വാഡ് ആയിരിക്കും ഇത്. ആരെയൊക്കെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്നത് വനംവകുപ്പിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഫിറ്റ്നസ് പരിശോധന നടക്കുന്നിടത്ത് സന്ദേശ് രാജ, സുരേഷ് മേനോൻ എന്നീ അഭിഭാഷകർ കോടതിയുടെ പ്രതിനിധികളായി പങ്കെടുക്കും. ഇവർ പരിശോധന റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.