ചണ്ഡീഗഢ്: കർഷക സമരത്തിനിടെ കർഷകൻ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് ആൻറ് ഹരിയാണ ഹൈക്കോടതി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യക്തമായ കാരണങ്ങളുള്ളതിനാല്‍ അന്വഷണം പഞ്ചാബിനോ ഹരിയാണയ്ക്കോ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപവത്കരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നും എ.ഡി.ജി.പി. റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും.
വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് മുമ്പ് എ.ഡി.ജി.പിയുടെ പേര് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു. ഡല്‍ഹി ചലോ മാർച്ചിനിടെ ഫെബ്രുവരി 21-നാണ് പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍വെച്ച് കർഷകനായ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റായിരുന്നു മരണം. കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇക്കാര്യം സ്ഥിരീകരിച്ചു. തലയില്‍ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു. തലയോട്ടിയില്‍ രണ്ട് മുറിവുകളുണ്ട്. മെറ്റല്‍ പെല്ലറ്റുകളും കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെടികൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കർഷകരുടെ പ്രതിഷേധം കാരണമാണ് പോസ്റ്റുമോർട്ടം ഇത്രയും വൈകിയത്. ശുഭ്കരണിന് നേരെ ഹരിയാണ പോലീസ് വെടിവെച്ചുവെന്ന് അന്നുതന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. ശുഭ്കരണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലാണ് ഇദ്ദേഹം ഉള്‍പ്പെടെ പരിക്കേറ്റ മൂന്നുപേരെ പ്രവേശിപ്പിച്ചത്. ശുഭ്കരണ്‍ ആശുപത്രിയിലെത്തും മുമ്പ് മരിച്ചിരുന്നു.