തിരുവനന്തപുരം: വരുമാനം കണ്ട് ഹിന്ദുക്ഷേത്രങ്ങളേറ്റെടുക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ ശ്രമിക്കുകയാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.താനും യു.യു. ലളിതും ചേര്‍ന്നാണ് നീക്കം തടഞ്ഞതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഗവ. മെഡിക്കല്‍ കോളജ് ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ദു മല്‍ഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വിഡിയോയിലാണ് പരാമര്‍ശമുള്ളത്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവര്‍ പറയുന്നതും ഇന്ദു മല്‍ഹോത്ര നന്ദി പറയുന്നതും കേള്‍ക്കാം.”വരുമാനം കാരണം കമ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. ഏറ്റെടുത്തതെല്ലാം ഹിന്ദു ക്ഷേത്രങ്ങളാണ്. അതിനാല്‍ ജസ്റ്റിസ് ലളിതും താനും ചേര്‍ന്ന് ഇത് തടയുകയായിരുന്നു” ഇന്ദു മല്‍ഹോത്ര വെളിപ്പെടുത്തുന്നു.ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന 2020 ജൂലൈയിലെ ഇരുവരുടെയും വിധിയാണ് ഇവര്‍ വിഡിയോയില്‍ പരാമര്‍ശിച്ചത്. കേരള സര്‍ക്കാരിന് ഈ അവകാശങ്ങള്‍ നല്‍കിയ 2011ലെ കേരള ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് രാജകുടുംബത്തിലെ മഹാരാജാവ് സമര്‍പ്പിച്ച അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നു. 1949ല്‍ ഇന്ത്യന്‍ സര്‍ക്കാറുമായി ചേരാനുള്ള ഉടമ്ബടിയില്‍ ഒപ്പുവെച്ച ഭരണാധികാരി ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ മരണത്തോടെ ക്ഷേത്രവും പ്രതിഷ്ഠയും കൈകാര്യം ചെയ്യാനുള്ള രാജകുടുംബത്തിന്റെ അവകാശം ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.ക്ഷേത്രത്തിന്റെ നടത്തിപ്പിനും ഭരണത്തിനുമായി അഞ്ചംഗ ഭരണസമിതിക്കും കോടതി രൂപം നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജി, രാജകുടുംബത്തിലെ മഹാരാജാവിന്റെ ഒരു നോമിനി, കേരള സര്‍ക്കാറിന്റെ ഒരു നോമിനി, കേന്ദ്ര സര്‍ക്കാറിന്റെ സാംസ്കാരിക മന്ത്രാലയം നാമനിര്‍ദേശം ചെയ്യുന്ന ഒരു അംഗം, ക്ഷേത്രത്തിലെ മുഖ്യ തന്ത്രി എന്നിവരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നിലവില്‍ ക്ഷേത്രം നിയന്ത്രിക്കുന്നത്.