മൂവി ഡെസ്ക്ക് : നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് സംഗീത. എന്നും ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്യാമളയായി മലയാളികളുടെ മനസില്‍ നിറഞ്ഞു നില്ക്കുന്ന നടിയാണ് സംഗീത.മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നേടിയിട്ടുണ്ട് സംഗീത. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് നായകനായ ചാവേറിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് സംഗീത.
വിവാഹ ശേഷമാണ് സംഗീത സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പ്രണയ വിവാഹമായിരുന്നു സംഗീതയുടേത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും ഇടവേളയെക്കുറിച്ചുമൊക്കെ സംഗീത സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്.”അത് ഞങ്ങള്‍ക്ക് മാത്രം അറിയുന്ന കാലം അല്ലേ. പറഞ്ഞാല്‍ അതിന്റെ സൗന്ദര്യം നഷ്ടപ്പെടും. ഭര്‍ത്താവ് ശരവണന് ക്യാമറമാനും സംവിധായകനുമാണ്. ഞാനും വിജയിയും അഭിനയിച്ച പൂവെ ഉനക്കാഗെ സിനിമയുടെ ക്യാമറാമാനായിരുന്നു ശരവണന്. ആ പരിചയം പ്രണയമായി. പിന്നെ വിവാഹം കഴിച്ചു. ടൈഗര്‍, അലിഭായ്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം ക്യാമറാമാനായിരുന്നു” എന്നാണ് സംഗീത പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആ സമയത്ത് എന്നെ എന്താണ് അഭിനയിപ്പിക്കാത്തത് എന്ന് അദ്ദേഹത്തോട് പലരും ചോദിക്കാറുണ്ടായിരുന്നു. 2010 ല്‍ അച്ഛന്റെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഡിപ്രഷനിലേക്ക് പതുക്കെ നീങ്ങി. അപ്പോഴും അദ്ദേഹം പറഞ്ഞു, വീണ്ടും അഭിനയിക്കൂ എന്ന്” എന്നും സംഗീത പറയുന്നുണ്ട്. അതേസമയം, മാറി നില്‍ക്കേണ്ടിയിരുന്നില്ലെന്ന് തോന്നാറില്ലേ? എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും ഇല്ലെന്നാണ് സംഗീത പറഞ്ഞത്. ആ ദിവസങ്ങളില്‍ ഞാന്‍ സന്തോഷിക്കുകയായിരുന്നു. ഏതുകാര്യവും ഇഷ്ടത്തോടു കൂടിയെ എനിക്ക് ചെയ്യാനാവൂ. കംഫര്‍ട്ടബിള്‍ സോണ്‍ എന്ന വാക്കിന് എന്റെ അര്‍ത്ഥം വേറെയാണ്. സന്തോഷം പകരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ് എന്റെ കംഫര്‍ട്സോണ്‍. അന്നതു വീടായിരുന്നുവെന്നും താരം പറയുന്നു.
തേടി വന്ന ഒരുപാട് സിനിമകളില്‍ ഞാന്‍ അഭിനയിച്ചില്ല. ആ സിനിമകള്‍ റിലീസ് ആയപ്പോള്‍ ഇതിൽ അഭിനയിക്കേണ്ടതായിരുന്നല്ലോ എന്നു മാത്രം തോന്നും. അല്ലാതെ വിഷമിച്ചിട്ടൊന്നുമില്ല. ആരുടേയും നിര്‍ബന്ധത്തിനല്ലല്ലോ വീടും സിനിമയും ഒരുമിച്ച് പോകാന്‍ കഴിയാത്തതു കൊണ്ടാണല്ലോ വേണ്ടെന്ന് വച്ചത്. അപ്പോള്‍ കുറ്റബോധം തോന്നേണ്ട ആവശ്യമില്ലെന്നാണ് സംഗീത പറയുന്നു. മോള് പഠനവുമായി വീട്ടില്‍ നിന്നും അകന്നു നിന്നപ്പോള്‍ മുതല്‍ തിരിച്ചുവരവിനെക്കുറിച്ച് ഓര്‍ത്തു തുടങ്ങി. ഇപ്പോള്‍ അവള് പൈലറ്റ് ലൈസന്‍സ് എടുത്തു. ഇനി എന്റെ പിന്തുണ അത്ര വേണ്ടി വരില്ലല്ലോ എന്നാണ് താരം പറയുന്നത്.
തിരിച്ചുവരാനുള്ള കാരണത്തെക്കുറിച്ചും ചാവേറിനെക്കുറിച്ചും സംഗീത സംസാരിക്കുന്നുണ്ട്. ഞാനൊരു സിനിമ ചെയ്യുന്നുണ്ട്, അതിലൊരു കഥാപാത്രത്തിന് എന്റെ മനസില്‍ ചേച്ചിയുടെ മുഖമാണ്. ഇതാണ് സംവിധായകന് ടിനു പാപ്പച്ചന് ആദ്യം പറഞ്ഞത്. ഒരു വര്‍ഷമായിട്ട് സിനിമയിലേക്ക് തിരിച്ചു വന്നാലോ എന്ന ആലോചനയുണ്ടായിരുന്നു. ആ ഫോണ്‍ കോളിന് ശേഷമാണ് ടിനുവിന്റെ അജഗജാന്തരം ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ സിനിമയുടെ രീതി ഒരുപാടിഷ്ടമായി. അതുകൊണ്ടാണ് ഈ സിനിമയിലൂടെ തിരിച്ചുവരാം എന്നു കരുതിയത്. കഥാപാത്രത്തിന്റെ വലുപ്പചെറുപ്പമല്ല ഈ പ്രൊജക്ടാണ് എന്നെ ആകര്‍ഷിച്ചതെന്നാണ് സംഗീത പറയുന്നത്.