ലണ്ടൻ : വന്ന ആദ്യ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഏര്‍ലിങ് ഹാളണ്ട് നടത്തിയത് അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന പ്രകടനം ആണ്. ക്ലബിന്റെ ട്രബിള്‍ നേട്ടത്തില്‍ പ്രധാനപങ്ക് വഹിച്ച താരം ആദ്യ സീസണില്‍ തന്നെ സീസണില്‍ ലീഗിലെ ഏറ്റവും മികച്ച താരവും ടോപ്പ് സ്കോററും ആയി. സീസണില്‍ കളിച്ച 53 മത്സരങ്ങളില്‍ 52 ഗോളുകള്‍ ആണ് ഹാളണ്ട് നേടിയത് ഒപ്പം 9 അസിസ്റ്റുകളും. പ്രീമിയര്‍ ലീഗില്‍ എക്കാലത്തെയും റെക്കോര്‍ഡ് തകര്‍ത്തു ടോപ്പ് സ്കോറര്‍ ആയ താരം ചാമ്ബ്യൻസ് ലീഗിലും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി.
വന്ന ആദ്യ സീസണില്‍ തന്നെ ചാമ്ബ്യൻസ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് വിജയങ്ങളില്‍ പങ്കാളി ആയ ഹാളണ്ട് മൂന്നു ടൂര്‍ണമെന്റിലും ടീമിന്റെ ഏറ്റവും മികച്ച താരവും ആയി. ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന്റെ ഏറ്റവും മികച്ച അരങ്ങേറ്റ സീസണ് ആവും ഡോര്‍ട്ട്മുണ്ടില്‍ നിന്നു മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയ നോര്‍വീജിയൻ താരത്തിന്റെ ഈ സീസണിലെ പ്രകടനം എന്നു നിസംശയം പറയാം. ഈ വര്‍ഷത്തെ ബാലൻ ഡിയോര്‍ അവാര്‍ഡില്‍ ലോകകപ്പ് മികച്ച താരമായി നേടിയ ലയണല്‍ മെസ്സിക്ക് മികച്ച വെല്ലുവിളി തന്നെയാവും ഹാളണ്ട് ഉയര്‍ത്തുക എന്നുറപ്പാണ്.