ഡർബൻ: അഞ്ച് ഓവറിന്റെ ഹോങ്കോങ്ങ് സിക്‌സസ് നാളെ ആരംഭിക്കും. രാവിലെ ആറ് മണിക്ക് ദക്ഷിണാഫ്രിക്കയും ഹോങ്കോങ്ങും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം ഇന്നു രാവിലെ 11.30ന് പാകിസ്താന് എതിരെയാണ്. നവംബർ രണ്ടിന് പുലർച്ചെ 6.55ന് യു എ ഇ യ്‌ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. റോബിൻ ഉത്തപ്പ നയിക്കുന്ന ഏഴംഗ ടീമാണ് ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുക. കേദാർ ജാദവ്, മനോജ് തിവാരി, ഷബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സ്റ്റുവർട്ട് ബിന്നി, ഭരത് ചിപ്പിലി എന്നിവരാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് താരങ്ങൾ.
ഏഴ് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഹോങ്കോങ് ക്രിക്കറ്റ് സിക്‌സസ് തിരിച്ചുവരുന്നത്. അഞ്ച് ഓവറാണ് ഈ ടൂർണമെന്റിന്റെ പ്രത്യേകത. അന്താരാഷ്ട്ര തലത്തിൽ ട്വന്റി 20യ്ക്കും ടി10 നും മുമ്‌ബേ അഞ്ച് ഓവറിന്റെ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉണ്ടായിരുന്നു. 1992ലാണ് ഈ ടൂർണമെന്റ് ആദ്യം നടന്നത്. 1997 വരെ സ്ഥിരമായി ഈ ടൂർണമെന്റ് നടന്നിരുന്നു. എന്നാൽ പിന്നീട് നാല് വർഷത്തെ ഇടവേളയുണ്ടായി. 2001ൽ വീണ്ടും ഹോങ്കോങ് ക്രിക്കറ്റ് സിക്‌സസ് തിരിച്ചുവന്നു. പിന്നീട് 2012 വരെ ടൂർണമെന്റ് സ്ഥിരമായി നടത്തി. 2017ൽ ഒരിക്കൽ കൂടി നടന്ന ടൂർണമെന്റ് വീണ്ടും ഇടവേളയിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2012ലാണ് ഇന്ത്യ അവസാനമായി ഹോങ്കോങ് സിക്‌സസ് കളിച്ചത്. അഞ്ച് തവണ വീതം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഹോങ്കോങ് സിക്‌സസ് ചാംപ്യന്മാരായിട്ടുണ്ട്. നാല് തവണ പാകിസ്താനും ചാംപ്യൻഷിപ്പ് നേടിയിട്ടുണ്ട്. 2005ൽ റോബിൻ സിങ് നയിച്ച ഇന്ത്യൻ ടീമിന് മാത്രമാണ് ഈ ടൂർണമെന്റിൽ കിരീടം നേടാനായത്.
സാധാരണ ക്രിക്കറ്റിൽ നിന്ന് വ്യത്യസ്തമാണ് ഹോങ്കോങ് സിക്‌സസിലെ നിയമങ്ങൾ. ഒരു മത്സരത്തിന് 45 മിനിറ്റാണ് ദൈർഘ്യം. ഓരോ ടീമിലും ആറ് താരങ്ങൾ ഉണ്ട്. വിക്കറ്റ് കീപ്പർ ഒഴികെ അഞ്ച് താരങ്ങൾക്കും ഓരോ ഓവർ പന്തെറിയാം. 31 റൺസെടുത്താൽ ബാറ്റർ നിർബന്ധമായും റിട്ടയർഡ് ഹർട്ട് ചെയ്യണം. മറ്റ് ബാറ്റർമാർ ഔട്ടോ റിട്ടയർഡ് ഹർട്ട് ആകുകയോ ചെയ്താൽ ആദ്യം റിട്ടയർഡ് ഹർട്ട് ചെയ്ത ബാറ്റർക്ക് തിരിച്ചുവരാം. അഞ്ച് ബാറ്റർമാർ ഔട്ടായാൽ ഒരാൾക്ക് ഒറ്റയ്ക്ക് ബാറ്റ് ചെയ്യാൻ കഴിയും. വൈഡിനും നോബോളിനും രണ്ട് റൺസ് വീതം ലഭിക്കും. വൈഡ് ലൈൻ സ്റ്റമ്ബിനോട് വളരെ ചേർന്നിരിക്കുന്നതിനാൽ മിക്ക പന്തുകളും സ്റ്റമ്ബിന് നേരെയാവും എത്തുക. ഒരോവറിലെ ആറ് പന്തും സിക്‌സ് അടിക്കുന്നത് ഈ ടൂർണമെന്റിൽ സാധാരണ സംഭവം മാത്രമാണ്.
12 ടീമുകൾ നാല് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടും. എന്നാൽ നാല് ഗ്രൂപ്പിലെയും അവസാന സ്ഥാനക്കാരാകുന്ന ടീമുകൾ ബൗൾ എന്ന ഇനത്തിൽ തുടർന്നും മത്സരിക്കും. നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടി പോയിന്റ് നിലയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ തമ്മിൽ ബൗൾ ഇനത്തിൽ മാത്രം ഫൈനൽ നടക്കും.
നേരത്തെ ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകൾ നോക്കൗട്ട് രീതിയിൽ കളിച്ച് സെമിയിൽ എത്തും. പരാജയപ്പെട്ട നാല് ടീമുകൾ പ്ലേറ്റ് ഇനത്തിൽ മത്സരിക്കും. ഇവിടെ നിന്ന് രണ്ട് ടീമുകൾ പ്ലേറ്റ് ഫൈനലും കളിക്കും. അതുപോലെ ക്വാർട്ടർ ജയിച്ച് സെമിയിലെത്തിയ ടീമുകൾ പരസ്പരം ഏറ്റുമുട്ടി രണ്ട് ടീമുകൾ ഫൈനലിന് യോഗ്യത നേടും. ആ രണ്ട് ടീമുകളിൽ നിന്ന് വിജയിക്കുന്നവരാണ് ഹോങ്കോങ് സിക്‌സസിന്റെ ചാംപ്യന്മാർ.