ആലപ്പുഴ : വിനോദ സഞ്ചാരികളുമായി വേമ്പനാട്ട് കായലില്‍ മുങ്ങിയ ഹൗസ് ബോട്ടിന് ലൈസന്‍സും ഫിറ്റ്‌നസും ഇല്ലെന്ന് കണ്ടെത്തല്‍. താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ ചെയര്‍മാന്‍ ജസ്‌റ്റിസ് വി.കെ. മോഹനന്റെ സാന്നിധ്യത്തില്‍ തുറമുഖ വകുപ്പ് ചീഫ്‌സര്‍വേയര്‍ ക്യാപ്‌റ്റന്‍ അലക്‌സ് ആന്റണി നടത്തിയ പരിശോധനയിലാണ് നിയമലംഘനം സ്‌ഥിരീകരിച്ചത്. 2019 മേയ് 13ന് ഫിറ്റ്‌നസും 2021 ജനുവരി 18ന് ലൈസന്‍സ് കാലാവധിയും തീര്‍ന്നു. ബോട്ട് ഉടമ ഇവ പുതുക്കാന്‍ അപേക്ഷ പോലും നല്‍കിയിരുന്നില്ല. അപകടസൂചന നല്‍കുന്ന വാര്‍ട്ടര്‍, ഫയര്‍ അലാറങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
എന്‍ജിന്‍ ഭാഗത്തുകൂടിയാണ് വെള്ളം കയറിയതെന്ന് ബോട്ട് ജീവനക്കാര്‍ പരിശോധക സംഘത്തോട് പറഞ്ഞു. 29-ന് വൈകിട്ട് നാലോടെ സായി കേന്ദ്രത്തിനു കിഴക്ക് ഭാഗത്താണ് ആര്യമോള്‍ എന്ന ഹൗസ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ആന്ധ്ര സ്വദേശികളായ ദമ്ബതികളും കുഞ്ഞും ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരെ ജീവനക്കാർ സുരക്ഷിതരായി കരയില്‍ എത്തിച്ചു. അപകട സ്‌ഥലം ക്യാപ്‌റ്റന്‍ അലക്‌സ് ആന്റണി സന്ദര്‍ശിച്ചു. 2013-ല്‍ നിര്‍മിച്ചതാണ് ഹൗസ് ബോട്ട്. ആലപ്പുഴ നോര്‍ത്ത് സി.ഐ: സുമേഷ്, ടൂറിസം എസ്.ഐ: രാജേഷ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.