വനിതാ ക്ഷേമ സമിതി അധ്യക്ഷയുടെ വീട്ടില്‍ വേലയ്ക്കു നിന്ന പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി; ശാരീരിക മര്‍ദനത്തിനൊപ്പം അധ്യക്ഷയുടെ ഭര്‍ത്താവ് ലൈംഗികമായും പീഡിപ്പിച്ചു; അധ്യക്ഷ ഒളിവില്‍, ഭര്‍ത്താവ് പൊലീസ് പിടിയില്‍

കൊച്ചി: വനിതാ ക്ഷേമ സമിതി അധ്യക്ഷയുടെ വീട്ടില്‍ വേലയ്ക്കു നിന്ന പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായി. ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയായ സെലിന്‍ പോളിന്റെ വീട്ടില്‍ ജോലിക്ക് നിന്ന കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. സെലിനും ഇവരുടെ ഭര്‍ത്താവ് പവോത്തിത്തറ പോളും ചേര്‍ന്നാണ് കുട്ടിയെ ശാരീരിക- ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അടിയേറ്റു മൂക്കില്‍ ചോരയൊലിപ്പിച്ച നിലയില്‍ പെണ്‍കുട്ടി അടുത്ത വീട്ടില്‍ എത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോളിനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. സെലിന്‍ ഒളിവിലാണ്.

Advertisements

2015 നവംബര്‍ 16 നാണ് കര്‍ണാടക സ്വദേശിനിയെ സെലിന്‍ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. 14 വയസ്സ് മുതല്‍ കുട്ടി ഇവിടെയായിരുന്നു. അമ്മ മരിച്ച പെണ്‍കുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് വില്‍ക്കുകയായിരുന്നു എന്നും സൂചനയുണ്ട്. അമ്മയെ അച്ഛന്‍ ചവിട്ടി കൊന്നതു തന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോളില്‍ നിന്നും ലൈംഗിക പീഡനത്തിന് ഇരയായ കാര്യം സെലിനോട് പറഞ്ഞപ്പോള്‍ നിന്റെ കുഴപ്പം കൊണ്ടാണ് എന്നായിരുന്നു വനിതാ ക്ഷേമ സമിതി അധ്യക്ഷ സെലിന്റെ മറുപടി. ജോലിക്കെത്തിയ കാലം മുതല്‍ പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവരുടെ വീടിന് പുറമേ മകളുടെ വീട്ടിലും പെണ്‍കുട്ടിയെ ജോലിക്കു വേണ്ടി ഉപയോഗിച്ചു. നാട്ടുകാരോടു പരാതി പറഞ്ഞിട്ടും ആരും പൊലീസില്‍ അറിയിക്കാനോ പെണ്‍കുട്ടിയെ രക്ഷപെടുത്താനോ ശ്രമിച്ചില്ല. ഇതിനിടെ പല തവണ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വനിതാ ദിനത്തില്‍ വനിതാ ക്ഷേമ സമിതി നടത്തിയ പരിപാടിയില്‍ ചായ വിതരണത്തിന് എത്തിയപ്പോള്‍ വനിതകളുടെ അവകാശങ്ങളെക്കുറിച്ചു സെലിന്‍ പ്രസംഗിക്കുന്നത് പെണ്‍കുട്ടി കേട്ടു. തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് എല്ലാം തുറന്നു പറയാന്‍ ധൈര്യം വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.

പോളിനെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്‌തെങ്കിലും സെലിനെ അറസ്റ്റു ചെയ്തിട്ടില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.

(വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രതീകാത്മക ചിത്രം)

Hot Topics

Related Articles