ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്രമോദി നടത്തിയ മുസ്ലീം വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ഹര്‍ജി കഴമ്പില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും കഴിഞ്ഞമാസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് എതിരെയാണ് കോടതിയില്‍ ഹര്‍ജിയെത്തിയത്.
ഏപ്രില്‍ 27ന് ഹിമാചല്‍പ്രദേശില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രസംഗവും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഢ നടത്തിയ സമൂഹ മാധ്യമ പോസ്റ്റുകളെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നുണ്ട്. വിദ്വേഷ പ്രസംഗം നടത്തിയ എല്ലാ നേതാക്കള്‍ക്ക് എതിരെയും നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ബിആര്‍എസ് നേതാവ് കെ.ചന്ദ്രശേഖര്‍ റാവുവിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഒരു നോട്ടിസ് പോലും അയച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിസാം പാഷ കോടതിയില്‍ പറഞ്ഞു.