കോഹ്ലിയെ വീഴ്ത്താൻ സ്പിൻ കെണി ; രോഹിത്തിന്റെ പവർപ്ലേ തന്ത്രത്തിന് മറു തന്ത്രം ; ടോസിന്റെ ആനുകൂല്യം നിർണായകം ; ഇന്ത്യ ന്യൂസിലാൻഡ് സെമി ഫൈനലിലെ ഇരു ടീമുകളുടേയും വിജയ സാധ്യതകൾ ഇങ്ങനെ

മുംബൈ : ഒരു മാസത്തിലേറെ കാലമായി നീണ്ടുനിന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്.നാളെ ആദ്യ സെമി ഫൈനലില്‍ ആതിഥേയരായ ഇന്ത്യയുടെ എതിരാളികള്‍, കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ്പായ കീവീസ് പടയാണ്. ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല നാളെ വാംഖഡെ സ്റ്റേഡിയത്തില്‍ കാണാനിരിക്കുന്നത്. ലീഗ് സ്റ്റേജിന്റെ ഗരിമയും പ്രതാപവുമൊക്കെ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്നത് നേരാണ്. 

Advertisements

എന്നാല്‍, കെയ്ൻ വില്ല്യംസണിന്റെ കരിമ്പടയെ നേരിടുമ്പോള്‍ രോഹിത്തിനും കൂട്ടര്‍ക്കും അല്‍പ്പമൊക്കെ നെഞ്ചിടിപ്പ് കൂടുമെന്നുറപ്പാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യ ഇതേ ന്യൂസിലൻഡിനോട് തോറ്റാണ് കീരീടം കൈവിട്ടതെന്ന് കോഹ്ലിക്കും കൂട്ടര്‍ക്കും നന്നായി ഓര്‍മ്മയുണ്ടായിരിക്കും. ലോക ക്രിക്കറ്റില്‍ എന്നും പ്രതിഭാ ധാരാളിത്തമുള്ള ടീമാണ് ന്യൂസിലൻഡിന്റേത്. ഐസിസി ടൂര്‍ണമെന്റില്‍ സുപ്രധാന നോക്കൌട്ട് മത്സരങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് അവരുടേത്. അതിനാല്‍ തന്നെ, ബുധനാഴ്ച ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനല്‍ പോരാട്ടം തുടങ്ങുമ്പോള്‍ വാംഖഡെയിലെ പുല്‍മൈതാനികള്‍ക്ക് തീപിടിക്കുമെന്നുറപ്പാണ്.

ടോസിന്റെ ആനുകൂല്യം നിര്‍ണായകം

ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. രണ്ടാമിന്നിംഗ്സില്‍ ബൌളര്‍മാര്‍ക്ക് വാംഖഡെയിലെ പിച്ചില്‍ നിന്ന് അധിക സ്വിങ് ആനുകൂല്യം ലഭിക്കുമെന്നതും, മഞ്ഞിന്റെ സാന്നിധ്യവും ബാറ്റിങ്ങ് ദുഷ്ക്കരമാക്കുമെന്നാണ് സൂചന. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്തു എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ടീം സ്കോര്‍ ഉയര്‍ത്താൻ ശ്രമിക്കുമെന്നുറപ്പാണ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യൻ ടീം വാംഖഡെയിലെ സാഹചര്യങ്ങള്‍ മുതലെടുക്കുമെന്നുറപ്പാണ്. രോഹിത്തിന്റേയും സൂര്യകുമാര്‍ യാദവിന്റേയും ഹോം ഗ്രൌണ്ട് കൂടിയായതിനാല്‍ ആരാധക പിന്തുണയും നിര്‍ണായക ഘടകമാകും.

വാംഖഡെയില്‍ നാളെ ഉച്ചസമയത്തെ ചൂടും ഈര്‍പ്പവും ബൌളര്‍മാര്‍ക്ക് കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 350ന് മുകളിലുള്ള സ്കോര്‍ തന്നെയാകും ലക്ഷ്യമിടുക. 399/7, 382/5, 357/8, 291/5 എന്നിങ്ങനെയാണ് വാംഖഡെയിലെ കഴിഞ്ഞ മത്സരങ്ങളിലെ ഒന്നാമിന്നിംഗ്സ് സ്കോറുകള്‍. മാക്സ് വെല്‍ 201 റണ്‍സുമായി ഓസീസിനെ ജയിപ്പിച്ച, ഏക്കാലത്തേയും മികച്ചൊരു ചേസിങ് കണ്ട മത്സരമാണ് നാലാമത്തേതെന്ന് മറക്കരുത്.

കെയ്ൻ വില്ല്യംസണ്‍ ഒരുക്കുന്ന ചതിക്കുഴികള്‍

ടീം ഇന്ത്യയുടെ ദൌര്‍ബല്യങ്ങള്‍ മുതലെടുക്കാൻ കരുതിക്കൂട്ടി തന്നെയാണ് കെയ്ൻ വില്ല്യംസണ്‍ ടീമിനെ കളത്തില്‍ വിന്യസിക്കുക. വിരാട് കോഹ്ലിയുടെ ഇടംകയ്യൻ സ്പിന്നര്‍മാരോടുള്ള ഭയം, രോഹിത്ത് ശര്‍മ്മയ്ക്ക് ഭീഷണിയുയര്‍ത്തുന്ന സ്വിങ് ബോളുകള്‍, ശുഭ്മൻ ഗില്ലിനെ കുഴയ്ക്കുന്ന ഇൻ ഡിപ്പര്‍ പന്തുകള്‍, ശ്രേയസ് അയ്യര്‍ക്ക് വെല്ലുവിളിയാകുന്ന ബൌണ്‍സറുകള്‍… എന്നിവയെല്ലാം വില്ല്യംസണിന്റെ പട നന്നായി ഗൃഹപാഠം ചെയ്തുതന്നെയാകും നാളെ പന്തെറിയാനെത്തുക. തുടക്കത്തിലേ ഇന്ത്യൻ ഓപ്പണര്‍മാരെ മടക്കിയാല്‍, പിന്നീട് ക്രിസീലെത്തുന്ന കോഹ്ലിയെ മിച്ചല്‍ സാന്റ്നറുടെ സ്പിൻ കെണിയില്‍ വീഴ്ത്തിയാല്‍ ഇന്ത്യയുമായുള്ള യുദ്ധം പാതി ജയിച്ചെന്ന് ന്യൂസിലൻഡിന് ഉറപ്പിക്കാം. കഴിഞ്ഞ കളിയില്‍ നെതര്‍ലൻഡിൻ്റെ ക്വാളിറ്റിയുള്ള ഇടംകയ്യൻ സ്പിന്നര്‍ വാൻഡര്‍ മെര്‍വ കോഹ്ലിയുടെ കുറ്റി തെറിപ്പിച്ചതും ഇതിനോട് ചേര്‍ത്തുവായിക്കണം.

രോഹിത്തിന്റെ പവര്‍പ്ലേ സ്ട്രാറ്റജിക്ക് മറുതന്ത്രം

പവര്‍പ്ലേ സ്ട്രാറ്റജിയുമായെത്തുന്ന രോഹിത്ത് ശര്‍മ്മയേയും ശുഭ്മൻ ഗില്ലിനേയും ട്രെന്റ് ബോള്‍ട്ട്, ടിം സൌത്തി, മാറ്റ് ഹെൻറി എന്നീ ക്വാളിറ്റി പേസര്‍മാരെ ഉപയോഗിച്ച്‌ വരിഞ്ഞുമുറുക്കാനായിരിക്കും കീവീസ് നായകൻ ശ്രമിക്കുക. ഈ ലോകകപ്പില്‍ ആദ്യത്തെ 50 പന്തുകള്‍ വരെ രോഹിത്ത് ശര്‍മ്മയുടെ സ്ട്രൈക്ക് റേറ്റ് 121.49 വരെയാണ്. ഇത് എതിര്‍ ടീമിന്റെ താളം തെറ്റിക്കുന്നുണ്ടെന്നതാണ് ഇതുവരെ കാണാനായത്. ശ്രേയസ് അയ്യരെ തുടരെ ബൌണ്‍സറുകള്‍ എറിഞ്ഞ് തളര്‍ത്താനായി ലോക്കി ഫെര്‍ഗ്യൂസനെ നിയോഗിക്കുമെന്നുറപ്പാണ്. 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന ഫെര്‍ഗ്യൂസൻ, ബാറ്റ് കൊണ്ടും ടീമിന് കനത്ത സംഭാവനകള്‍ നല്‍കാറുണ്ട്.

400 റണ്‍സ് ലക്ഷ്യമിട്ടെത്തുന്ന ‘ബ്ലാക്ക് ക്യാപ്സ് ‘

കീവിസ് ടീമില്‍ ടോപ് സെവൻ ബാറ്റര്‍മാരില്‍ നാല് പേരും പന്തെറിയാൻ ശേഷിയുള്ളവരാണ് എന്നതാണ് അവരെ കൂടുതല്‍ ആക്രമണകാരികളാക്കുന്നത്. ഇത് അവരുടെ സ്പെഷ്യലിസ്റ്റ് ബൌളര്‍മാരുടെ സമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കാറുണ്ട്. ഫീല്‍ഡിങ്ങിന്റെ കാര്യത്തിലും ഇന്ത്യയേക്കാള്‍ ഒരുപടി മുമ്ബിലായി ന്യൂസിലൻഡിന്റെ ബ്ലാക്ക് ക്യാപ്സ് ഉണ്ട്. രചിൻ രവീന്ദ്രയും ഡെവോണ്‍ കോണ്‍വേയും നേതൃത്വം നല്‍കുന്ന ബാറ്റിങ്ങ് നിര ഈ ലോകകപ്പില്‍, നിരവധി തവണ നാനൂറിനടുത്ത് സ്കോര്‍ ചെയ്തിട്ടുണ്ടെന്നത് ഇന്ത്യയ്ക്ക് നെഞ്ചിടിപ്പേറ്റുന്ന വസ്തുതയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.