കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നിരവധി സ്ത്രീകളുടെ സ്വര്‍ണ മാല പിടിച്ചുപറിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കൊണ്ടോട്ടി കൊട്ടപ്പുറം ചോലയില്‍ ഹാരിസ് എന്ന റിയാസിനെ (35) ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്പി ഡോ അരവിന്ദ് സുകുമാറിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. ഏപ്രില്‍ 9ന് തിരുവമ്ബാടി ഗേറ്റുംപടി റോഡില്‍ കല്യാണിയുടെ മൂന്നേകാല്‍ പവന്‍ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസ് അന്വേഷിക്കുന്നതിനിടെയാണ് സമാനമായ മറ്റു കേസുകള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. മുക്കം, അരീക്കോട്, കോഴിക്കോട്, കുന്നമംഗലം എന്നിവിടങ്ങളിലെ നാല്‍പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ആദ്യ ഘട്ടത്തില്‍ കൃത്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സമാനമായ രീതിയില്‍ മാര്‍ച്ച് 28ന് തേഞ്ഞിപ്പാലം കാക്കഞ്ചേരിയില്‍ നടന്നു പോകുകയായിരുന്ന രാമനാട്ടുകര സ്വദേശി രാധാമണിയുടെ ഒന്നര പവന്‍ മാല മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി.
മാര്‍ച്ച് 30ന് വാഴക്കാട് പരപ്പത്ത് വെച്ച് കോലോത്തും കടവ് പുല്ലഞ്ചേരി വീട്ടില്‍ ശോഭനയുടെ സ്വര്‍ണ മാലയും സമാന രീതിയില്‍ പിടിച്ചുപറിച്ചതായി അന്വേഷണ സംഘം മനസ്സിലാക്കി. തുടർന്ന് അന്വേഷണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.എല്ലാ കവര്‍ച്ചകളിലും നീല നിറത്തിലുള്ള ജുപിറ്റര്‍ സ്‌കൂട്ടിയില്‍ ആണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി. ഏപ്രില്‍ 18ന് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം കൊളക്കാട്ടുചാലില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഭവ്യയുടെ നാലര പവന്‍ സ്വര്‍ണ്ണമാലയും ഏപ്രില്‍ 23ന് വാഴയൂര്‍ പുഞ്ചപ്പാടം എന്ന സ്ഥലത്ത് വെച്ച് ജിബി ബല്‍രാജിന്റെ ലോക്കറ്റും തൊട്ടടുത്ത ദിവസം കോഴിക്കോട് മലാപ്പറമ്ബ് ബൈപാസില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത രജിഷ ബബിരാജിന്റെ അഞ്ച് പവന്‍ വരുന്ന സ്വര്‍ണ്ണ മാലയും പിടിച്ചു പറിച്ചിരുന്നു. എല്ലാത്തിനും പിന്നില്‍ ഒരാളാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ആളൊഴിഞ്ഞ പോക്കറ്റ് റോഡുകളാണ് പ്രതി കവര്‍ച്ചക്കായി തിരഞ്ഞെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടന്നു പോകുന്ന സ്ത്രീകളുടെയും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെയും അരികുചേര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി പിന്നില്‍ നിന്നുമാണ് റിയാസ് മാല പൊട്ടിച്ചിരുന്നത്. പ്രതിയുടെ നാടായ കൊട്ടപ്പുറത്ത് നിന്നും സ്‌കൂട്ടറില്‍ പുറപ്പെട്ട് ആളൊഴിഞ്ഞ റോഡുകളില്‍ സഞ്ചരിച്ച് അവസരം കിട്ടുമ്ബോള്‍ മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി. മോഷ്ടിച്ച സ്വര്‍ണ്ണം പല ജ്വല്ലറികളിലായി വില്‍പന നടത്തിയതായും ഈ പണം ഉപയോഗിച്ച് കടങ്ങള്‍ വീട്ടിയതായും പ്രതി പോലീസിനോട് പറഞ്ഞു. റിയാസിനെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി എം പി വിനോദിന്റെ നേതൃത്വത്തില്‍ തിരുവമ്ബാടി ഇന്‍സ്പെക്ടര്‍ എ അനില്‍ കുമാര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ മാരായ രാജീവ് ബാബു, പി ബിജു, സീനിയര്‍ സിപിഒമാരായ ജയരാജന്‍, ജിനീഷ്, വിനോദ്, ബിജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.