ന്യൂഡൽഹി : രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളുമായി ബന്ധപ്പെട്ട പൊതുവികസന പദ്ധതികള്‍ തടസപ്പെടുത്താൻ വിദേശശക്തികള്‍ ഇന്ത്യയിലെ സന്നദ്ധ സംഘടനകള്‍ക്കും, ട്രസ്റ്റുകള്‍ക്കും പണം നല്‍കുന്നുവെന്ന് ആദായ നികുതി വകുപ്പ്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നല്കിയ ഹർജിയിലാണ് ആദായ നികുതി വകുപ്പ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ട്രസ്റ്റിന്റെ നികുതി പുനഃപരിശോധിക്കാൻ ആദായ നികുതി വകുപ്പ് നല്കിയ നോട്ടീസിനെതിരെ ആയിരുന്നു ഹർജി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്ത്യയുടെ വികസന പദ്ധതികള്‍ തടസപ്പെടുത്താൻ വിദേശശക്തികള്‍ എൻവിറോണിക്സ് ട്രസ്റ്റിന് പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ഇതിനുപുറമെ എൻവിറോണിക്സ് ട്രസ്റ്റ് പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്നതിന് വാടകയ്ക്ക് പ്രതിഷേധക്കാരെ ചുമതലപ്പെടുത്തുകയും, അവർക്ക് പണം നല്‍കുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. എൻവിറോണിക്സ് ട്രസ്റ്റിന് ലഭിക്കുന്ന പണത്തിന്റെ 90 ശതമാനവും വിദേശത്ത് നിന്നാണെന്നും സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഒഡിഷയിലെ വിവിധ വികസന പദ്ധതികള്‍ക്കെതിരെ നടന്ന സമരങ്ങള്‍ക്ക് എൻവിറോണിക്സ് ട്രസ്റ്റ് നല്കിയ സഹായത്തിന്റെ കണക്കുകളും ആദായനികുതി വകുപ്പ് സുപ്രീം കോടതിക്ക് കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമരങ്ങളില്‍ പങ്കെടുത്തതിന് കേസില്‍ ഉള്‍പ്പെട്ടവർക്ക് 1250 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറി എന്നാണ് പ്രധാന കണ്ടെത്തല്‍. ഒഡിഷയിലെ സമരങ്ങള്‍ക്കുള്ള ഫണ്ട് നല്‍കിയത് 6 ഡച്ച് സംഘടനകള്‍ ഉള്‍പ്പെട്ട ഫെയർ ഗ്രീൻ ആൻഡ് ഗ്ലോബല്‍ അലയൻസ് ആയിരുന്നു. എൻവിറോണിക്സ് ട്രസ്റ്റും ഈ സംഘടനയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള രേഖകളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കല്‍ക്കരി വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ പ്രാദേശിക ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുന്നതിന് ഓക്സ്ഫാം ഇന്ത്യ എന്ന സംഘടനയും എൻവിറോണിക്സ് ട്രസ്റ്റും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പ് വച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.