ദില്ലി : മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള നീക്കത്തില്‍ യുപിഎസ്സി. പുജയുടെ ഐഎഎസ് റദ്ദാക്കാനാണ് സാധ്യത. റദ്ദാക്കാതിരിക്കാൻ പൂജക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരിക്കുകയാണ്. പൂജ ഖേദ്കറെ ഭാവിയിലെ മുഴുവൻ പരീക്ഷകളില്‍ നിന്നും അയോഗ്യയാക്കി. ക്രമക്കേട് നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതായും യുപിഎസ്സി വിശദമാക്കി. പൂജക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷൻ ഉള്‍പ്പെടെയുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനും പൊലീസിന് നിർദേശം നല്കി.
സിവില്‍ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മുംബൈയിലെ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്ക്കർക്ക് എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചത്. അംഗപരിമിതര്‍ക്കുള്ള പ്രത്യേക സംവരണം ലഭിക്കാന്‍ 51 ശതമാനം കാഴ്ച്ച പരിമിതിയുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് ആരോപണം. യുപിഎസ്സി നിർദേശപ്രകാരമാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. സിവില്‍സര്‍വീസ് പരിക്ഷയില്‍ ആദ്യം ഐആര്‍എസും പിന്നീട് ഐഎഎസും നേടിയ ആളാണ് മഹാരാഷ്ട്ര വഷീം ജില്ലയിലെ അസിസ്റ്റന്റ് കളക്ടര്‍ പൂജ ഖേദ്കര്‍. സിവില്‍ സര്‍വീസ് ലഭിക്കാനുള്ള സംവരണത്തിനായി വിവിധ കാലയളവില്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നാണ് ഇപ്പോഴത്തെ ആരോപണം. കാഴ്ച പരിമിതി ഉള്‍പ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയില്‍ നിന്നും പൂജ സർട്ടിഫിക്കറ്റ് നേടിയിരുന്നു. ഇത്തരത്തിലുള്ള കാഴ്ച പരിമിതി ഇവര്‍ക്കില്ലെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂജയ്ക്ക് അനുകൂലമായി റിപ്പോർട്ട് നല്കിയ ഡോക്ടർമാരില്‍ നിന്ന് അഹമ്മദ്നഗർ ജില്ലാ കലക്ടർ റിപ്പോർട്ട് തേടിയിരുന്നു. ഒബിസി സംവരണത്തിലൂടെയാണ് പുജക്ക് ഐഎഎസ് ലഭിക്കുന്നത്. കുടുംബത്തിന് നാല്‍പ്പത് കോടി രൂപയില്‍ അധികം ആസ്തി ഉണ്ടായിട്ടും എങ്ങനെ ഇവർക്ക് ഒബിസി നോണ്‍ – ക്രീമിലെയർ സർട്ടിഫിക്കറ്റ് കിട്ടി എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഡോക്ടറായ പൂജ എം ബിബിഎസ് പഠനത്തിന് ഇതെ നോണ്‍ ക്രീമിലെയര്‍ സർട്ടിഫിക്കറ്റാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. യുപിഎസ് സിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും പൂജ പ്രതികരിച്ചു. പൂജ ക്രമക്കേട് നടത്തിയെന്നുറപ്പായാല്‍ ഐഎഎസ് നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്റെ പ്രത്യേക അന്വേഷണ സംഘം നല്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമിത്.