സ്പോർട്സ് ഡെസ്ക്ക് : ആസാദ് റൗഫ് പാകിസ്ഥാനിൽ നിന്നുള്ള അന്താരാഷ്ട്ര അമ്പയർ. അലീം ദാർ കഴിഞ്ഞാൽ പാകിസ്ഥാനിൽ നിന്ന് ഏറ്റവും ശ്രദ്ധേയനായ അമ്പയർ. 170 അന്താരാഷ്ട്ര മത്സരങ്ങളിൽ അമ്പയറായി. 2000 മുതല്‍ 2013 വരെയുള്ള കാലയളവിലാണിത്.49 ടെസ്റ്റ്, 98 ഏകദിനം, 23 ട്വന്റി 20 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയർ. എന്നാല്‍ ഇന്ന് ലാഹോറിലെ ലന്‍ഡ ബസാറില്‍ കട നടത്തുകയാണ് റൗഫ്.
*റൗഫിന്റെ വാക്കുകൾ ഇങ്ങനെ*
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോഴും കളികള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന് റൗഫിന്റെ മറുപടി ഇപ്രകാരമായിരുന്നു, “എന്റെ ജീവിതത്തില്‍ ഒരുപാട് മത്സരങ്ങള്‍ ഞാന്‍ കണ്ടു, ഇനിയൊന്നും ബാക്കിയില്ല,” പാക്കിസ്ഥാന് ന്യൂസ് ചാനലായ പാക്ക് ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റൗഫിന്റെ വാക്കുകള്‍.
“2013 ന് ശേഷം കളിയുമായി ഒരു ബന്ധവും പുലര്‍ത്തിയിട്ടില്ല. കാരണം ഞാന്‍ എന്തെങ്കിലും ഉപേക്ഷിച്ചാല്‍ അത് പൂര്‍ണമായുള്ള ഉപേക്ഷിക്കലായിരിക്കും”
2013 ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ വാതുവെപ്പുകാരില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങിയെന്നാരോപിച്ച് റൗഫിനെ 2016 ല്‍ അഞ്ച് വര്‍ഷത്തേക്ക് ബിസിസിഐ ബാന്‍ ചെയ്തിരുന്നു.
“വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഐപിഎല്ലിലാണ് ഞാന്‍ എന്റെ ഏറ്റവും മികച്ച സമയം കണ്ടെത്തിയത്. ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയ്ക്ക് കാരണമായ ആരോപണങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല”
“ഞാന്‍ എനിക്ക് വേണ്ടിയല്ല കട നടത്തുന്നത്. ദിവസ വേതനത്തിന് നില്ക്കുന്ന ജോലിക്കാര്‍ക്ക് വേണ്ടിയാണ്. ഞാന്‍ അവര്‍ക്കായാണ് ജോലി ചെയ്യുന്നത്”
മുംബൈ ആസ്ഥാനമായുള്ള ഒരു മോഡലില്‍ നിന്നുള്ള ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പേരില്‍ 2012 ല്‍ റൗഫ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പാകിസ്ഥാന് അമ്പയറുമായി തനിക്ക് ബന്ധമുണ്ടെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കുകയും പിന്നിട് അദ്ദേഹം പിന്മാറിയെന്നുമായിരുന്നു യുവതിയുടെ ആരോപണം. പത്തുവര്‍ഷം മുന്‍പ് ആരോപണം നിഷേധിച്ച റൗഫ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ലാഹോറിലെ ലാന്‍ഡ ബസാര്‍ വിലകുറഞ്ഞതും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതുമായ വസ്ത്രങ്ങള്‍, ഷൂസ്, മറ്റ് സാധനങ്ങള്‍ എന്നിവയ്ക്ക് പ്രശസ്തമാണ്. റൗഫിന്റെ കടയില്‍ വസ്ത്രങ്ങളും ഷൂസുമൊക്കെയാണ് വില്‍ക്കുന്നത്.