ദുബായ്: 2023 ലെ ഐസിസി പുരുഷ ടി20 ഐ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മുംബൈ ഇന്ത്യന്‍ താരം കൂടിയായ സൂര്യ പുരസ്‌കാരം സ്വന്തമാക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണ ഒരു താരം ഐസിസി ടി20 പുരസ്‌കാരം നേടുന്നതും ആദ്യമായിട്ടാണ്. കഴിഞ്ഞ വര്‍ഷം 17 ഇന്നിംഗ്സുകള്‍ മാത്രം കളിച്ച സൂര്യ 48.86 ശരാശരിയിലും 155.95 സ്‌ട്രൈക്ക് റേറ്റിലും 733 റണ്‍സാണ് അടിച്ചെടുത്തത്. ആക്രമിച്ച് കളിക്കുന്ന താരം 2023ല്‍ മാത്രം നാല് അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും നേടി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സൂര്യകുമാറിന് ക്യാപ്റ്റന്‍സിയും നല്‍കിയിരുന്നു.
ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഇന്ത്യയുടെ ഈ വര്‍ഷത്തെ അവസാന ടി20യില്‍ പ്രോട്ടീസിനെതിരെ വെറും 56 പന്തില്‍ സൂര്യ സെഞ്ച്വറി നേടിയിരുന്നു. ടി20യില്‍ ഇന്ത്യയുടെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയും സൂര്യ സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരെ വെറും 45 പന്തില്‍ മൂന്നക്കത്തിലെത്തി. 2017ല്‍ ഇതേ എതിരാളികള്‍ക്കെതിരെ രോഹിത് ശര്‍മ 35 പന്തില്‍ മൂന്നക്കത്തിലെത്തിയിരുന്നു. ഇതിന് പിന്നിലാണ് സൂര്യയുടെ സ്ഥാനം. ടി20 കരിയറില്‍ ഒന്നാകെ നാല് സെഞ്ചുറികളാണ് സൂര്യക്കുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെയും (42 പന്തില്‍ 80), ദക്ഷിണാഫ്രിക്കയ്ക്കെതിരെയും (36 പന്തില്‍ 56) അര്‍ധസെഞ്ചുറി നേടി. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ രണ്ടാമതാണ് സൂര്യ. അഞ്ച് സെഞ്ചുറികള്‍ നേടിയിട്ടുള്ള രോഹിത്താണ് ഒന്നാമന്‍. നാല് സെഞ്ചുറികള്‍ നേടിയ സൂര്യ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം രണ്ടാംസ്ഥാനം പങ്കിടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഫ്ഗാനിസ്ഥാനെതിരായ അവാസന ടി20 മത്സരത്തിലാണ് രോഹിത് അഞ്ച് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. 60 ടി20 മത്സരങ്ങളില്‍ നിന്ന് 45.55 ശരാശരിയിലും 171.55 സ്‌ട്രൈക്ക് റേറ്റിലും 2141 റണ്‍സാണ് സൂര്യ നേടിയത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഐസിസി ടി20 ഐ ടീമിന്റെ ക്യാപ്റ്റനായും സൂര്യകുമാറിനെ തിരഞ്ഞെടുത്തിരുന്നു. സൂര്യകുമാറിനെ കൂടാതെ മറ്റ് മൂന്ന് ഇന്ത്യന്‍ താരങ്ങളും ഈ വര്‍ഷത്തെ ടി20 ഐ ടീമില്‍ ഇടം നേടി. ഓപ്പണര്‍ യഷസ്വി ജയ്സ്വാള്‍, പേസര്‍ അര്‍ഷ്ദീപ് സിങ്, സ്പിന്നര്‍ രവി ബിഷ്ണോയ് എന്നിവരാണ് ടീമിലെത്തിയ മറ്റുതാരങ്ങള്‍.