കൊച്ചി: ഇടമലയാർ, ചെറുതോണി ഡാമുകൾ തുടർച്ചയായി മൂന്നാംദിനവും വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും പെരിയാറിലും കൈ വഴികളിലും ജലനിരപ്പ് സാധാരണ നിലയിൽ കവിയാത്തത് ആശ്വാസമായി. മഴ മാറിനിന്നതും ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി പെരിയാറിന്റെ കൈവഴികളിലെ എക്കൽ നീക്കം ചെയ്തതും നദീമുഖത്തെ ഒഴുക്ക് ക്രമപ്പെടുത്തിയതും ജലപ്രവാഹം വേഗത്തിലാക്കി.
ഇടമലയാർ ഡാമിൽ നിന്ന് 350ക്യൂമെക്സും ചെറുതോണി അണക്കെട്ടിൽ നിന്ന് 330ക്യൂമെക്സും വെള്ളമാണ് ഒഴുക്കിവിടുന്നത്. ചെറുതോണി അണക്കെട്ടിൽ നിന്നുള്ള വെള്ളത്തിനൊപ്പം ലോവർ പെരിയാറിൽ നിന്നുള്ള വെള്ളവും ചേരുമ്പോൾ പുറത്തേക്കൊഴുകുന്ന ജലം 550ക്യൂമെക്സിന് മുകളിലെത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടമലയാർ ഡാമിൽ നിന്നും ചെറുതോണി ഡാമിൽ നിന്നുമുള്ള വെള്ളം ഭൂതത്താൻകെട്ടിലെത്തിയ ശേഷം 1,500 ക്യൂമെക്സിനടുത്തു ജലമാണ് പെരിയാറിലേക്ക് ഒഴുകുന്നത്. ജലനിരപ്പ് ഉയർന്നില്ലെങ്കിലും പെരിയാറിലെ ഒഴുക്ക് ശക്തമാണെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മൂവാറ്റുപുഴയാറിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്.
ഇനി 2 ക്യാമ്പുകൾ മാത്രം
മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച ക്യാമ്പുകൾ പിരിച്ചുവിട്ടു. പുത്തൻവേലിക്കരയിലെ രണ്ട് ക്യാമ്പുകൾ മാത്രമാണ് ഇനി ബാക്കി. ഇത്തവണ ആറ് താലൂക്കുകളിലായി 33ക്യാമ്പുകൾ വരെ തുറന്നിരുന്നു.
ഇനി ഖനനമാകാം
ജില്ലയിൽ ഖനന പ്രവർത്തന നിരോധനം നീക്കി. മഴ കുറയുകയും റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനം നീക്കിയതെന്ന് ജിയോളജിസ്റ്റ് പ്രിയാ മോഹൻ അറിയിച്ചു.