ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലത് കനാല്‍ പുനരുദ്ധാരണത്തിലെ അഴിമതിക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ, കോണ്‍ട്രാക്ടർമാർ എന്നിവർ ഉള്‍പ്പെടെ 50 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ 48 പേരെയാണ് വിജിലൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രണ്ടു പേരെ വെറുതെ വിട്ടു. ആവശ്യമായ സാധന സാമഗ്രികള്‍ ഉപയോഗിക്കാതെ കനാല്‍ നിർമ്മിച്ചതായും സർക്കാരിന് ഒരുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടാക്കിയതായുമാണ് പ്രോസിക്യൂഷൻ കേസ്. എട്ടുകിലോമീറ്റര്‍ നീളം വരുന്ന കനാലിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ വിവിധ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിഭജിച്ച് നല്‍കിയായിരുന്നു അഴിമതി.