കൊച്ചി: ഇടുക്കിക്ക് പിന്നാലെ ചൊവ്വാഴ്ച്ച ഇടമലയാര്‍ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ശക്തമായ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ഇടമലയാര്‍ അണക്കെട്ട് തുറക്കുന്നത്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഷട്ടര്‍ തുറന്ന് 50 മുതല്‍ 100 ക്യൂമെക്സ് വരെ ജലം തുറന്നു വിടുന്നതിനാണ് ഇടമലയാര്‍ അണക്കെട്ടിന്റെ ചുമതല വഹിക്കുന്ന വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കിയിട്ടുള്ളത്. ഇതുമൂലം പെരിയാറിലെ ജലനിരപ്പില്‍ ഗണ്യമായ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല. എങ്കിലും ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ നടപടി സ്വീകരിക്കണമെന്ന് സിയാല്‍ അധികൃതര്‍ക്കും കളക്ടര്‍ കത്തു നല്കി. ജില്ലയിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, പെരിയാര്‍ തീരത്തെ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും ഇതു സംബന്ധിച്ച അറിയിപ്പുകള് കൈമാറിയിട്ടുണ്ട്.
പെരിയാറിലെ ജലനിരപ്പ് ജലസേചന വകുപ്പ് 24 മണിക്കൂറും നിരീക്ഷിക്കും. ശക്തമായ നീരൊഴുക്കുണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നതും പുഴയില്‍ മീന്‍ പിടിക്കുന്നതും നിരോധിച്ചു. ഈ സമയം പുഴകളിലും കൈവഴികളിലും കുളിക്കാനോ തുണിയലക്കാനൊ പാടില്ല. ജലമൊഴുകുന്ന മേഖലകളില്‍ വിനോദ സഞ്ചാരവും നിരോധിച്ചു.
പെരിയാര്‍ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ് മെന്റ് മുഖേന പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. പ്രശ്ന സാധ്യതയുള്ള മേഖലകളിലെ താമസക്കാരെ ആവശ്യമുള്ള പക്ഷം ക്യാമ്പുകളിലേക്ക് മാറ്റും. റവന്യൂ, പഞ്ചായത്ത്, നഗരസഭ അധികൃതര്‍ക്കാണ് ഇതിന്റെ ചുമതല.
മഴ മാറി നില്‍ക്കുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്യുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കൃത്യമായി നിര്‍ദേശങ്ങള്‍ ലഭിക്കും. ഇവ പാലിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ഇടമലയാര്‍ ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകിയെത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമില്‍ മഴ തുടരുന്നതിനാല്‍ ഇവിടെ നിന്നും ഒഴുക്കിവിടുന്ന ജലത്തിന്റെ പരിധി 200 ഘനമീറ്റര്‍ ആക്കി ഉയര്‍ത്തുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
അതേസമയം, എറണാകുളം ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ലോവര്‍ പെരിയാറിനു താഴേക്ക് പെരിയാര്‍ നദിയില്‍ കാര്യമായി ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ല. ജില്ലയില്‍ മഴ മാറിനില്‍ക്കുന്നതിനാല്‍ പെരിയാറിന്റെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് അപകട നിലയെക്കാള്‍ താഴെയാണ്.