കാൺപൂർ: രണ്ടര ദിവസത്തോളം മഴയെടുത്ത മത്സരത്തിൽ അത്യപൂർവ തിരിച്ചു വരവ് നടത്തി ടീം ഇന്ത്യ. രണ്ടു ദിവസം കൊണ്ട് ഫലമുണ്ടാക്കിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ബംഗ്ലാദേശ് അഞ്ചാം ദിനം ആദ്യ സെഷനിൽ ബാറ്റ് ചെയ്ത് ഉയർത്തിയ 94 റൺ എന്ന വിജയ ലക്ഷ്യം ഇന്ത്യ 17.2 ഓവറിൽ മറികടന്നു. രോഹിത് ശർമ്മയുടെയും (8), യശസ്വി ജയ്സ്വാളിന്റെയും (51), ശുഭ്മാൻ ഗില്ലിന്റെയും (6) വിക്കറ്റുകൾ നഷ്ടമാക്കിയാണ് ടീം ഇന്ത്യ ബംഗ്ലാ ടോട്ടൽ മറികടന്നത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ടീം ഇന്ത്യ തൂത്തുവാരി. വിരാട് കോഹ്ലിയും (29), പന്തും (4) പുറത്താകാതെ ന്ിന്നു.
സ്കോർ
ബംഗ്ലാദേശ്: 233, 146
ഇന്ത്യ : 285, 98/3
ആദ്യ ദിവസം 35 ഓവർ മാത്രവും രണ്ട് ദിവസം പൂർണമായും മഴയെറിഞ്ഞ ടെസ്റ്റ് വിരസരമായ സമനിലയിലേയ്ക്കു നീങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ച വരെയും ഇതേ രീതിയിൽ തന്നെയാണ് കാര്യങ്ങൾ പോയിരുന്നത്. എന്നാൽ, ഇന്ത്യ ബാറ്റിംങ് ആരംഭിച്ചതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. അതിവേഗം റണ്ണടിച്ച് കൂട്ടി ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംങിന് രണ്ടാം ഇന്നിംങ്സിൽ ക്ഷണിച്ചതോടെ ലക്ഷ്യം എന്താണെന്നു വ്യക്തമായിരുന്നു. നാലാം ദിവസം 26 ന് രണ്ട് എന്ന നിലയിലാണ് ബംഗ്ലാദേശ് ബാറ്റിംങ് അവസാനിപ്പിച്ചത്. ഷഹദ് ഇസ്ളാമും (7), കഴിഞ്ഞ ഇന്നിംങ്സിലെ സെഞ്ച്വറി വീരൻ മൊയിമുൾ ഹഖുമായിരുന്നു ക്രീസിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
36 ൽ മൊയ്മുൾ ഹഖിനെ രണ്ടു റണ്ണുമായി വീഴ്ത്തി അശ്വിൻ ഇന്നത്തെ ഇന്ത്യയുടെ വേട്ട തുടങ്ങി. 91 വരെ പ്രതിരോധിച്ച് കളിച്ച് കളിയെത്തിച്ച നജ്മൽ ഹൊസൈൻ ഷാന്റോയെ (19) ജഡേജ ക്ലീൻ ബൗൾ ചെയ്തു. രണ്ട് റൺ കൂടി ചേർന്നപ്പോഴേയ്ക്കും ഓപ്പണർ ഷദ്മാൻ ഇസ്ളാം (50) പുറത്ത്. ആകാശ് ദീപിന്റെ പന്തിൽ ജയ്സ്വാളിന് ക്യാച്ച്. ഒരു റൺ കൂടി ബോർഡിൽ എത്തിയപ്പോൾ ലിറ്റൺ ദാസ് (1) ജഡേജയുടെ പന്തിൽ പന്തിന് ക്യാച്ച് നൽകി മടങ്ങി. ഇതേ സ്കോറിൽ തന്നെ ഷക്കീബ് അൽഹസനും (0) ജഡേജയ്ക്ക് മുന്നിൽ കീഴടങ്ങി.
118 ൽ മെഹ്ദി ഹസനും (9), 130 ൽ തൈജുൽ ഇസ്ലാമും (0) , 146 ൽ മുഷ്ഫിക്കർ റഹീമും ബുംറയ്ക്ക് മുന്നിൽ വീണതോടെ ബംഗ്ലാദേശ് 146 ന് എല്ലാവരും പുറത്തായി. 10 ഓവറിൽ 17 റൺ മാത്രം വഴങ്ങി ബുംറ മൂന്ന് വിക്കറ്റ് പിഴുതു. അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം പിഴുതപ്പോൾ, ആകാശ് ദീപിന് ഒരു വിക്കറ്റ് ഉണ്ട്.
മറുപടി ബാറ്റിംങ് ആരംഭിച്ച ടീം ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. രണ്ട് ഓവറിൽ 18 റൺ സ്കോർ ബോർഡിൽ എത്തിയപ്പോൾ രോഹിത് ശർമ്മ പുറത്ത്. പിന്നാലെ, 34 ൽ ഗില്ലും വീണു. വിജയത്തിലേയ്ക്ക് രണ്ട് റൺ അകലെ സിക്സിനു തൂക്കാനുള്ള ജയ്സ്വാളിന്റെ ശ്രമം പിഴച്ചു. ഷക്കീബിന് ക്യാച്ച്. പന്തും കോഹ്ലിയും ചേർന്ന് വിജയറൺ നേടി ടീമിനെ വിജയത്തിലെത്തിച്ചു. മെഹ്ദി ഹസൻ രണ്ടും, തൈജുൽ ഇസ്ലാം ഒരു വിക്കറ്റും നേടി.