പെർത്ത്: പെർത്തിലെ പേസിനു മുന്നിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ ബാറ്റു താഴ്ത്തിയപ്പോൾ വീരോചിതം പോരാടി സൂര്യ. സൂര്യയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മാത്രം മികവിൽ ഇന്ത്യ മികച്ച സ്കോർ നേടി. ഇന്ത്യൻ സ്കോറിന്റെ പകുതിയും ഒറ്റയ്ക്കടിച്ചെടുത്ത സൂര്യയ്ക്ക് മാത്രമാണ് ഇന്ത്യൻ മാന്യതയുടെ മുഴുവൻ ക്രഡിറ്റും. ക്യാപ്റ്റൻ അടക്കം മുൻനിരക്കാർ മുഴുവൻ വീണ പിച്ചിലാണ് പേസ് ബൗളിംങിനെ അതിലേറെ വന്യതയോടെ കടന്നാക്രമിച്ച് സൂര്യ മുന്നിലെത്തിയത്.
ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യ ഓവർ തന്നെ മെയ്ഡനായപ്പോൾ തന്നെ പേസിനോടുള്ള ഇന്ത്യൻ പേടി വ്യക്തമായിരുന്നു. നാലാം ഓവറിൽ സ്കോർ 23 ൽ നിൽക്കെ രോഹിത് ശർമ്മ വീണപ്പോൾ തന്നെ എത്രത്തോളം ഇന്ത്യ പേസിനെ ഭയക്കുന്നു എന്നു വ്യക്തമായിരുന്നു. അതേ ഓവറിന്റെ അവസാന പന്തിൽ രോഹിത്തിനു പിന്നാലെ രാഹുലും മടങ്ങി. രോഹിത്ത് 15 റണ്ണെടുത്തപ്പോൾ, 14 പന്ത് തുഴഞ്ഞ രാഹുൽ ആകെ നേടിയത് ഒൻപത് റൺ മാത്രമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീടുള്ള ഇന്ത്യൻ പ്രതീക്ഷകളെല്ലാം സൂര്യ കോഹ്ലി കൂട്ടുകെട്ടിലായിരുന്നു. കഴിഞ്ഞ കളിയിലെ ഫോം പിൻതുടർന്ന കോഹ്ലി ഒരു തകർപ്പൻ ഷോട്ടിനുള്ള ശ്രമത്തിനിടെ എൻഗിനിയുടെ ബൗളിംങിൽ ബൗണ്ടറി ലൈനിൽ റബാഡയ്ക്ക് ക്യാച്ച് നൽകി പുറത്തായി. ഈ സമയം ഇന്ത്യൻ സ്കോർ 41 മാത്രമായിരുന്നു. 11 പന്തിൽ 12 റൺ മാത്രമായിരുന്നു കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. പിന്നീട്, ഏഴാം ഓവറിൽ ഹൂഡ കൂടി പുറത്തായതോടെ ഇന്ത്യ വൻ തകർച്ചയെ മുന്നിൽ കണ്ടു.
സ്കോൽ 49 ൽ നിൽക്കെ ലക്ഷ്യം പിഴച്ച പാണ്ഡ്യ രണ്ടു റൺ മാത്രം സ്കോർ ബോർഡിൽ കൂട്ടിച്ചേർത്ത് മടങ്ങി. ഇന്ത്യൻ സ്കോർ 49 ന് അഞ്ച്. പിന്നീട് , സൂര്യയുടെ രക്ഷാപ്രവർത്തനം കണ്ട് ഒരു വശത്ത് കാർത്തിക്ക് നിന്നപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ 101 ൽ എത്തി. ഇരുവരും ചേർന്ന് 52 റൺ കൂട്ടിച്ചേർത്തപ്പോൾ ആറു റൺ മാത്രമായിരുന്നു കാർത്തിക്കിന്റെ സമ്പാദ്യം. കാർത്തിക് പോയതിനു പിന്നാലെ ഏഴു റണ്ണുമായി അശ്വിനും മടങ്ങി. എല്ലാ പ്രതീക്ഷകളും ചുമലിലേറ്റി സൂര്യ ആഞ്ഞടിക്കുന്നുണ്ടായിരുന്നു ഒരു വശത്ത്. ഇതിനിടെ തുടർച്ചയായി മൂന്നാം തവണയും ഉയർത്തിയടിച്ച പന്ത് കേശവ് മഹാരാജിന്റെ കയ്യിൽ അവസാനിച്ചതോടെ ടീം സ്കോറിന്റെ പകുതിയും കൂട്ടിച്ചേർത്ത സൂര്യയുടെ ഇന്നിംങ്സ് അവസാനിച്ചു. സൂര്യ പുറത്താകുമ്പോൾ 127 റൺ മാത്രമാണ് ഇന്ത്യയുടെ ബോർഡിലുണ്ടായിരുന്നത്. നാൽപ്പത് പന്തിൽ നിന്നും മൂന്നു സിക്സും ആറു ഫോറും സഹിതം 68 റണ്ണായിരുന്നു സൂര്യയുടെ സമ്പാദ്യം. മൂന്നു റൺ കൂടി കൂട്ടിച്ചേർത്ത് ഷമി റണ്ണൗട്ടായതോടെ കളി ഏതാണ് അവസാനത്തിലേയ്ക്ക് എത്തി. കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ കളി അവസാനിപ്പിച്ചു.
സ്കോർ – ഇന്ത്യ 133 -09