ലീഡ്‌സ്: ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 90 റണ്ണിന് രണ്ട് വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ 96 റണ്ണിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണർ ജയ്‌സ്വാളിനെയും (4), അരങ്ങേറ്റ ഇന്നിംങ്‌സിലെ പരാജയത്തിന് ബാറ്റ് കൊണ്ട് ഭേദപ്പെട്ട മറുപടി നൽകിയ സായ് സുദർശന്റെയും (30) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇതുവരെ നഷ്ടമാക്കിയത്. 75 പന്തിൽ 47 റണ്ണുമായി കെ.എൽ രാഹുലും, പത്ത് പന്തിൽ ആറു റണ്ണുമായി ക്യാപ്റ്റൻ ഗില്ലുമാണ് ക്രീസിൽ.
നേരത്തെ ഇന്ത്യൻ പേസ് ഇതിഹാസം ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകൾ എറിഞ്ഞിട്ടതോടെയാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംങ്‌സ് സ്‌കോറിന് ആറു റൺ അകലെ ഇന്ത്യയ്ക്ക് തടഞ്ഞു നിർത്താനായത്. സ്‌കോർ: ഇന്ത്യ 471, 90/2. ഇംഗ്ലണ്ട്: 465. മൂന്നാം ദിനം മികച്ച രീതിയിൽ തന്നെയാണ് ഇംഗ്ലണ്ട് ബാറ്റിംങ് പുനരാരംഭിച്ചത്. രണ്ടാം ദിനം സെഞ്ച്വറിയോടെ അവസാനിപ്പിച്ച പോപ്പും, റണ്ണെടുക്കാതെ ബ്രൂക്കുമായിരുന്നു ക്രീസിൽ. 209 ന് മൂന്ന് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഡ്രിങ്‌സിനു പിരിയുമ്പോഴേയ്ക്കും നാലാം വിക്കറ്റ് നഷ്ടമായിരുന്നു. തലേന്നത്തെ സ്‌കോർ 225 ൽ എത്തിച്ചപ്പോഴേയ്ക്കും സെഞ്ച്വറി വീരൻ ഓലീ പോപ്പിനെ പ്രസിദ് കൃഷ്ണ പന്തിന്റെ കയ്യിൽ എത്തിച്ചിരുന്നു. പിന്നാലെ, ബ്രൂക്കും ബെൻസ്റ്റോക്ക്‌സും(20) ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും സ്റ്റോക്ക്‌സിനെ മടക്കിയ സിറാജ് ആദ്യ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ കളിയിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, 276 ൽ സ്‌റ്റോക്ക്‌സ് പോയ ശേഷം ഏക ദിന ശൈലിയിൽ ബാറ്റ് വീശിയ ബ്രൂക്കിന് കൂട്ടു നിന്ന ജെയിൻ സ്മിത്ത് (40), ഇംഗ്ലണ്ടിനെ മറ്റൊരു തകർച്ചയിൽ നിന്ന് രക്ഷിച്ചു. 349 ൽ സ്മിത്തിനെ വീഴ്ത്തിയ പ്രസിദ് കൃഷ്ണ വീണ്ടും ഇന്ത്യയ്ക്ക് രക്ഷകനായി. സെഞ്ച്വറിയ്ക്ക് ഒരു റൺ അകലെ ബ്രൂക്കിനെ വീഴ്ത്തിയ (99) പ്രസീദ് കൃഷ്ണയുടെ ഷോർട്ട് ബോൾ വീണ്ടും ഇന്ത്യയെ തുണച്ചു. എന്നാൽ, ബ്രണ്ടൻ ക്രേസും (22), ക്രിസ് വോക്‌സും (38) ഇന്ത്യയെ പ്രതിരോധത്തിലാക്കി ആഞ്ഞടിച്ചു. ഒപ്പം ചോരുന്ന ഇന്ത്യൻ ഫീൽഡർമാരുടെ കൈകൾ കൂടി ആയതോടെ ഇന്ത്യയ്ക്ക് റണ്ണൊഴുക്ക് തടഞ്ഞു നിർത്താനായില്ല.
ഇന്ത്യൻ ഫീൽഡിംങിൽ അൽപം മെച്ചപ്പെട്ട പ്രകടനം കൂടിയുണ്ടായിരുന്നെങ്കിൽ അൻപത് റണ്ണെങ്കിലും ലീഡെടുക്കമായിരുന്നു. അവസാന വിക്കറ്റുകളായ ക്രിസ് വോക്‌സിനെയും, ജോഷ് ടങ്ങിനെയും വീഴ്ത്തിയ ബുംറ അഞ്ച് വിക്കറ്റ് തികച്ചു. ക്രേസിന്റെ വിക്കറ്റ് സിറാജും പിഴുതു. ബുംറ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ, പ്രസീദ് മൂന്നും സിറാജ് രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് കഴിഞ്ഞ ഇന്നിംങ്‌സിലെ സെഞ്ച്വറി താരം ജയ്‌സ്വാളിന്റെ വിക്കറ്റ് ന്ഷ്ടമായി. ഇന്ത്യൻ സ്‌കോർ 16 ൽ നിൽക്കെയാണ് ജയ്‌സാൾ ക്രേസിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി മടങ്ങിയത്. പിന്നാലെ ക്രീസിൽ എത്തിയ സായ് സുദർശൻ കഴിഞ്ഞ ഇന്നിംങ്‌സിലെ പിഴവിന് മറുപടി നൽകി മികച്ച ബാറ്റിംങാണ് നടത്തിയത്. 48 പന്തിൽ നാല് ഫോറുകൾ മാത്രം അടിച്ച സായ് 30 റണ്ണാണ് നേടിയത്. അപ്രതീക്ഷിതമായി സ്റ്റോക്ക്‌സിന്റെ പന്തിൽ ക്രാവ്‌ലിയ്ക്ക് ക്യാച്ച് നൽകിയാണ് സായ് സുദർശൻ പുറത്തായത്. രണ്ടാം വിക്കറ്റ് വീഴുമ്പോൾ ഇന്ത്യയ്ക്ക് 82 റൺ മാത്രമാണ് ഉണ്ടായിരുന്നത്. നാളെ കളി ആരംഭിക്കുമ്പോൾ എത്രത്തോളം ഇന്ത്യൻ ബാറ്റർമാർ പിടിച്ചു നിൽക്കും എന്നത് അനുസരിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം.