ബംഗളൂരു: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ന്യൂസിലൻഡ്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ശക്തമായ നിലയിലാണ് ന്യൂസിലൻഡ്. 46 റണ്ണിന് എല്ലാവരും പുറത്തായ ഇന്ത്യയ്‌ക്കെതിരെ ഇതിനോടകം 134 റണ്ണിന്റെ ലീഡ് ന്യൂസിലൻഡ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി ന്യൂസിലൻഡ് ഇതുവരെ നേടിയത് 180 റണ്ണാണ്. സ്പിന്നിനെ തുണച്ച് തുടങ്ങിയ പിച്ചിൽ നാളെ ആദ്യ സെഷനിലെ ന്യൂസിലൻഡിന്റെ ബാറ്റിംങ് അനുസരിച്ചിരിക്കും ഇന്ത്യയുടെ കളിയിലെ ഭാവി.
ടോസ് നേടിയ ഇന്ത്യ ഇന്ന് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇടയ്ക്ക് ഔട്ട് ഫീൽഡ് നനഞ്ഞതിനാൽ കളി നിർത്തി വച്ച അൽപ നേരം മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാൻ അവസരം ഉണ്ടായിരുന്നത്. കോഹ്ലി, സർഫാസ്, രാഹുൽ, ജഡേജ, അശ്വിൻ എന്നിവർ അഞ്ചു പേരും പൂജ്യത്തിന് പുറത്തായ മത്സരത്തിൽ പന്തും (20), ജയ്‌സ്വാളും (13) മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ടക്കം കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ന്യൂസിലൻഡിനെ ഒരു ഘട്ടത്തിൽ പോലും ഭയപ്പെടുത്താൻ പേരുകേട്ട ഇന്ത്യ പേസ് നിരയ്ക്ക് സാധിച്ചില്ല. മൂന്നു സ്പിന്നർമാരെയും രണ്ട് പേസർമാരെയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിൽ പോലും ന്യൂസിലൻഡിന് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ഇന്ത്യൻ പിച്ചുകളിൽ കളിച്ച് പരിചയമുള്ള കോൺവേ കൃത്യമായി ഈ പരിചയം മുതലെടുത്തതോടെ 67 റൺ വരെ കാത്തിരിക്കേണ്ടി വന്നു ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് വീഴ്ത്താൻ. 49 പന്തിൽ 15 റണ്ണെടുത്ത ടോം ലാതത്തെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
ഈ സമയം അത്രയും അപ്പുറത്ത് ആക്രമണവുമായി മുന്നിലേയ്ക്ക് കുതിക്കുകയായിരുന്നു ഡെവൺ കോൺവേ. ഏകദിന ശൈലിയിലായിരുന്നു കോൺവേയുടെ ബാറ്റിംങ്. 142 ൽ രണ്ടാം വിക്കറ്റ് വീഴ്ത്തിയ ജഡേജ കളിയുടെ അവസാന ഘട്ടത്തിൽ ഇന്ത്യയ്ക്ക് അശ്വാസം പകർന്നു. 73 പന്തിൽ 33 റണ്ണെടുത്ത വിൽ യങ്ങിനെയാണ് ജഡേജ വീഴ്ത്തിയത്. 39 ആം ഓവറിന്റെ ആദ്യ പന്തിൽ ന്യൂസിലൻഡ് സ്‌കോർ 154 ൽ നിൽക്കെ സെഞ്ച്വറിയിലേയ്ക്കു കുതിക്കുകയായിരുന്ന കോൺവേയേ അശ്വിൻ ക്ലീൻ ബൗൾഡ് ആക്കി. എന്നാൽ, അവസാന നിമിഷങ്ങളിൽ വിക്കറ്റ് വീണത് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും രചിൻ രവീന്ദ്രയും (22), ഡാരി മിച്ചലും (14) ക്രീസിൽ ഒരുമിച്ചത് ഇന്ത്യയ്ക്ക് വീണ്ടും വെല്ലുവിളിയായിട്ടുണ്ട്. നാളെ രാവിലെ ഇന്ത്യൻ ബൗളർമാർക്ക് എന്ത് ചെയ്യാൻ പറ്റും എന്നത് അനുസരിച്ചിരിക്കും കളിയുടെ ഭാവി.