മുൾട്ടാൻ: ആദ്യ ടെസ്റ്റിലെ ദയനീയ തോൽവിയ്ക്ക് അതേ ഗ്രൗണ്ടിൽ തന്നെ പാക്കിസ്ഥാന്റെ പ്രതികാരം. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 152 റണ്ണിന് പാക്കിസ്ഥാൻ തോൽപ്പിച്ചു. ഇതോടെ പരമ്പരയിൽ ഓരോ വിജയവുമായി രണ്ട് ടീമുകളും ഒപ്പത്തിനൊപ്പമായി. ആദ്യ ഇന്നിംങ്‌സിൽ പാക്കിസ്ഥാന്റെ 366 ന് എതിരെ ഇംഗ്ലണ്ട് 291 ന് എല്ലാവരും പുറത്തായിരുന്നു. രണ്ടാം ഇന്നിംങ്‌സിൽ 221 റണ്ണെടുത്ത പാക്കിസ്ഥാൻ 296 റണ്ണിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ഉയർത്തിയത്. എന്നാൽ, 144 ന് ഇംഗ്ലീഷ് ബാറ്റർമാർ എല്ലാവരും പുറത്തായി.
മൂന്നാം ദിനം 36 ന് രണ്ട് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്. നാലാം ദിനം ബാറ്റിംങ് പുനരാരംഭിച്ചപ്പോൾ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടി നേരിട്ടു. 22 റണ്ണുമായി ഓലി പോപ്പ് പുറത്താകുമ്പോൾ തലേന്നത്തെ സ്‌കോറിനോട് ഒരു റൺ മാത്രമാണ് കൂട്ടിച്ചേർക്കാനായത്. കളി ഇംഗ്ലണ്ടിന്റെ വരുതിയ്ക്ക് കൊണ്ടു വരുമെന്ന കരുതിയ ജോ റൂട്ട് (18) 55 ൽ വീണു. 78 ൽ ഹാരി ബ്രൂക്ക് (18) കൂടി വീണതോടെ പ്രതീക്ഷകളത്രയും ക്രീസിൽ നിന്ന ബെൻ സ്റ്റോക്ക്‌സിലായി. എന്നാൽ, 88 ൽ ജെയിൻ സ്മിത്ത് (6), 125 ൽ ബെൻ സ്‌റ്റോക്ക്‌സ് (37), 138 ൽ ബെൻഡൻ ക്രൈസ് (27), 144 ൽ ജാക്ക് ലീച്ചും (1), ഷൊഹൈബ് ബഷീറും (0) പുറത്തായതോടെ കളി പാക്കിസ്ഥാന്റെ കയ്യിലായി. മാത്യു പോട്ട് ഒൻപത് റണ്ണെടുത്ത് പുറത്താകാതെ നിന്നു. 16 ഓവറിൽ 46 റൺ വഴങ്ങി എട്ടു വിക്കറ്റ് പിഴുത നോമാൻ അലിയാണ് പാക്കിസ്ഥാൻ ബൗളർമാരിൽ ഇംഗ്ലണ്ടിന് ഇടുത്തി നൽകിയത്. 17 ഓവർ എറിഞ്ഞ സാജിദ് ഖാൻ രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ടു ബൗളർമാർ മാത്രമാണ് പാക്ക് നിരയിൽ ബൗൾ ചെയ്യുക പോലും ചെയ്തത്.