ടീമിൻ്റെ വില്ലന്മാർ അവർ ! തുടർ തോൽവിയ്ക്ക് പിന്നാലെ രാജസ്ഥാൻ്റെ ടീം അംഗങ്ങൾക്ക് വിമർശനം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. സീസണിലെ ഏഴാം തോല്‍വി ടീം നേരിട്ടിരിക്കുകയാണ്. അവസാന മത്സരത്തില്‍ ആര്‍സിബിയോട് 11 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ച് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റിന് 194 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടുകയും ഡെത്തോവറില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ആര്‍സിബി രാജസ്ഥാനെ പൂട്ടുകയായിരുന്നു.

Advertisements

ജയിക്കാവുന്ന കളിയാണ് വീണ്ടും രാജസ്ഥാന്‍ തോറ്റത്. വിജയത്തിന് തൊട്ടടുത്തെത്തിയ ശേഷം ടീം തോല്‍ക്കുന്നത് ഈ സീസണിലിത് മൂന്നാം തവണയാണ്. രാജസ്ഥാന്റെ ആര്‍സിബിക്കെതിരായ തോല്‍വിക്ക് പിന്നാലെ ഏറ്റവും വിമര്‍ശനം ഉയരുന്നത് ദ്രുവ് ജുറേലിനും ഷിംറോന്‍ ഹെറ്റ്‌മെയറിനുമെതിരേയാണ്. ഇരുവരുടേയും മോശം പ്രകടനമാണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ജോസ് ബട്‌ലറെ ഒഴിവാക്കി രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് ദ്രുവ് ജുറേല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

14 കോടിക്ക് ടീമില്‍ നിലനിര്‍ത്തിയ താരം ടീമിന്റെ അന്തകനായി മാറുന്നതാണ് കാണാനാവുന്നത്. 11 കോടിക്കാണ് ഫിനിഷറായി ഹെറ്റ്‌മെയറെ നിലനിര്‍ത്തിയത്. രണ്ട് പേരും ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില്ലന്മാരായി മാറുന്നതാണ് കാണാനാവുന്നത്.

ഭേദപ്പെട്ട തുടക്കമാണ് രാജസ്ഥാന് ആര്‍സിബിക്കെതിരേ ലഭിച്ചത്. വൈഭവ് സൂര്യവന്‍ഷിയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്. ഇതിനെ മുതലാക്കാന്‍ പിന്നീടെത്തിയവര്‍ക്ക് സാധിച്ചില്ല. മധ്യനിരയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് ടീമിന് വലിയ തലവേദനയാകുന്നത്. ജയിക്കേണ്ട പല കളിയും ടീം തോല്‍ക്കുന്നതിന്റെ കാരണം ഹെറ്റ്‌മെയറുടേയും ദ്രുവ് ജുറേലിന്റേയും മെല്ലപ്പോക്ക് ബാറ്റിങ്ങാണ്.

എട്ട് പന്തില്‍ 11 റണ്‍സാണ് വെടിക്കെട്ട് ഫിനിഷറെന്ന് രാജസ്ഥാന്‍ മാനേജ്‌മെന്റ് വിശ്വസിക്കുന്ന ഹെറ്റ്‌മെയര്‍ നേടിയത്. മികച്ച ബൗളര്‍മാര്‍ക്കെതിരേ വലിയൊരു ഷോട്ട് കളിക്കാന്‍ പോലും ഹെറ്റ്‌മെയര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ദ്രുവ് ജുറേല്‍ 34 പന്തില്‍ 47 റണ്‍സാണ് നേടിയത്. 138 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജുറേലിന്റെ പ്രകടനം. ടി20യില്‍ ശൈലിയില്‍ കളിക്കാന്‍ ജുറേലിന് സാധിക്കുന്നില്ല. പതിയെ തുടങ്ങി പിന്നീട് ആക്രമണം എന്നതാണ് ജുറേലിന്റെ ഇപ്പോഴത്തെ ശൈലി.

എന്നാല്‍ നിലയുറപ്പിക്കാനായി പാഴാക്കുന്ന പന്തുകള്‍ ടീമിന്റെ തോല്‍വിക്ക് കാരണമായി മാറുകയാണ്. അതുകൊണ്ടുതന്നെ ജുറേലിനെതിരേ ആരാധക പ്രതിഷേധം ശക്തമാവുകയാണ്. ടീമിനെ തോല്‍പ്പിക്കുന്ന ജുറേലിനേയും ഹെറ്റ്‌മെയറേയും ടീമിന് പുറത്താക്കണമെന്ന് തന്നെയാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

രാജസ്ഥാന്റെ തുടര്‍ തോല്‍വികളില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരേയും വിമര്‍ശനം ശക്തമാണ്. രാജസ്ഥാന്‍ അവസാന സീസണ്‍വരെ മികച്ച പോരാട്ടം കാഴ്ചവെച്ച ടീമാണ്. എന്നാല്‍ ദ്രാവിഡ് പരിശീലകനായതോടെ ടീമിന്റെ പ്രകടന നിലവാരം തകര്‍ന്നു. മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ സാധിക്കാത്ത വിധം ദ്രാവിഡിന്റെ മണ്ടന്‍ പദ്ധതികള്‍ ടീമിനെ പ്രതിരോധത്തിലാക്കുകയാണ്. ദ്രാവിഡിന് കീഴില്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ രാജസ്ഥാന് സാധിക്കുന്നില്ല.

സഞ്ജു സാംസണിന്റെ പരിക്കും ടീമിനെ ബാധിച്ചിട്ടുണ്ട്. ദ്രാവിഡുള്ളപ്പോള്‍ സഞ്ജുവിന് ടീമില്‍ വലിയ റോളില്ലാത്ത അവസ്ഥയാണ്. ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെത്തന്നെ സഞ്ജുവും ദ്രാവിഡും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമാണ്. സഞ്ജു മടങ്ങിയെത്തിയാലും രാജസ്ഥാന് പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. ടീമിന്റെ ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇനിയൊരു അത്ഭുത മടങ്ങിവരവ് രാജസ്ഥാന് സാധ്യമാകില്ലെന്ന് തന്നെ നിസംശയം പറയാം.

Hot Topics

Related Articles