ലീഡ്‌സ്: ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ കറങ്ങി വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ രണ്ടാം ഇന്നിംങ്‌സിലും നിരാശരാക്കി ബാറ്റർമാർ. തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ കെ.എൽ രാഹുലും, തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയ റിഷഭ് പന്തും ചേർന്ന് ഇന്ത്യയെ സേഫാക്കുന്ന സ്‌കോറിലേയ്ക്ക് എത്തി. ഇതോടെ ഒരു ദിവസത്തിലധികം ശേഷിക്കെ കളിയിൽ ഇന്ത്യയ്ക്ക് നിർണ്ണായക ലീഡ് ആയി. സ്‌കോർ : ഇന്ത്യ 471, 284 /3. ഇംഗ്ലണ്ട്: 465.
നാലാം ദിനം 90 ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. 47 റണ്ണുമായി കെ.എൽ രാഹുലും, ആറു റണ്ണുമായി ഗില്ലുമായിരുന്നു ഇന്ത്യ കളി തുടങ്ങുമ്പോൾ ക്രീസിൽ. രണ്ട് കൂടി ചേർത്തപ്പോഴേയ്ക്കും ഗില്ലിനെ വീഴ്ത്തിയ ക്രേസ് ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുമെന്ന സന്ദേശം നൽകി. എന്നാൽ, ക്രീസിൽ പാറ പോലെ ഉറച്ച രാഹുലും, ആക്രമണത്തിലേയ്ക്ക് തിരിഞ്ഞ പന്തും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച ലീഡ് നൽകി. 219 പന്തിൽ 14 ഫോർ അടക്കം 113 റൺ എടുത്ത് പുറത്താകാതെ നിൽക്കുന്ന രാഹുലാണ് ആദ്യം സെഞ്ച്വറി നേടിയത്. പിന്നാലെ, 140 പന്തിൽ നിന്നും 15 ഫോറും, മൂന്നും സിക്‌സും നേടിയ പന്തും സെഞ്ച്വറി തികച്ചു. 118 റൺ എടുത്ത പന്ത് ഷൊഹൈബ് ബഷീറിന്റെ പന്തിൽ ക്രാവ്‌ലിയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. സെഞ്ച്വറി നേടിയ രാഹുലിനൊപ്പം റണ്ണെടുക്കാത്ത കരുൺ നായരാണ് ക്രീസിൽ.