ഇടുക്കി: കട്ടപ്പന യൂണിയൻ ബാങ്ക് ശാഖയുടെ ക്യാഷ് റീസൈക്ലിങ് മെഷീൻ തുടർച്ചയായി തകരാറിലാക്കുന്നതില്‍ പ്രതിഷേധിച്ച് മെഷീന് മുന്നില്‍ ആദരാജ്ഞലി പോസ്റ്റർ കെട്ടി വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിലാണ് പോസ്റ്റർ കെട്ടിയത്. തകരാർ പൂർണമായി പരിഹരിച്ചില്ലങ്കില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരികള്‍. കട്ടപ്പന മുൻസിപ്പല്‍ കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് യൂണിയൻ ബാങ്ക് ശാഖയുടെ ക്യാഷ് റീസൈക്ലിംഗ് മെഷിൻ സ്ഥാപിച്ചിരിക്കുന്നത്. സേവനങ്ങള്‍ ഡിജിറ്റലായതോടെ ഉപഭോക്താക്കളില്‍ പലരും സി ആർ എം വഴിയാണ് പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി മെഷീൻ പ്രവർത്തന രഹിതമായിരുന്നു. തുടർന്ന് വ്യാപാരികള്‍ പ്രതിഷേധവുമായി എത്തിയതോടെ തകരാർ താല്‍ക്കാലികമായി പരിഹരിച്ചു.
എന്നാല്‍ ഇന്നലെ മുതല്‍ പണം നിക്ഷേപിക്കാൻ സാധിക്കുന്നതല്ലാതെ പിൻവലിക്കാൻ കഴിയുന്നില്ല. കട്ടപ്പന സെന്റ് ജോണ്‍ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന യൂണിയൻ ബാങ്ക് എ ടി എമ്മിനും ഇതേ തകരാറാണ് നേരിടുന്നത്. ഇതോടെ നിരവധി ജനങ്ങള്‍ ആണ് ബുദ്ധിമുട്ട് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തില്‍ സി ആർ എം മെഷീന് മുന്നില്‍ ആദരാഞ്ജലികള്‍ എഴുതിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.