കട്ടപ്പന: ഇടുക്കി കട്ടപ്പനക്കടുത്തുള്ള ഇരുപതേക്കർ -തൊവരയാർ റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നതിനാല്‍ യാത്ര ദുഷക്കരമായിരിക്കുകയാണ്. റോഡ് നന്നാക്കുമെന്നുള്ള വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ട് ചോദിച്ച് ഇത്തവണ ആരും വരേണ്ടെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് നാട്ടുകാർ. റോഡ് നന്നാക്കാമെന്ന് പറഞ്ഞ് വാഗ്ദാനം നല്‍കി പറ്റിച്ചു, ഇനി നോഡ് നന്നാക്കാതെ വോട്ടും ചോദിച്ച് ഈ വഴി വരേണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ – തൊവരയാർ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് പതിനഞ്ചു വർഷമായി. നടുവൊടിയുന്ന യാത്ര ചെയ്ത് മടുത്തതോടെയാണ് നാട്ടുകാർ ഈ ബോർഡ് സ്ഥാപിച്ചത്. നേതാക്കള്‍ പല വാഗ്ദാനവും തന്നു, പക്ഷേ ഒന്നും നടപ്പായില്ല.
റോഡ് പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, ഒരാളും ഇത് വരെ തിരിഞ്ഞ് നോക്കിയിട്ടില്ല. അതുകൊണ്ട് ആരും വോട്ടും ചോദിച്ച് ഈ വഴി വരേണ്ടെന്ന് നാട്ടുകാരനായ ഷാജി പറയുന്നു. റോഡിലെ കുഴികളുടെ എണ്ണം കൂടിയതോടെ പ്രദേശവാസികള്‍ പിരിവിട്ട് മണ്ണിട്ട് നികത്തി. ഇതോടെ പൊടി ശല്യവും കൂടി. പലർക്കും ശ്വാസംമുട്ടല്‍ അടക്കമുള്ള രോഗങ്ങളും പിടിപെട്ടു. 300 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കെത്താനുള്ള എളുപ്പമാർഗം കൂടിയാണിത്. എന്നാല്‍ റോഡ് പൊളിഞ്ഞ് പൊടിയായതോടെ കാല്‍നട യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങള്‍ക്ക് കേടു പാടു വരുന്നതിനാല്‍ ഓട്ടോറിക്ഷകളും ടാക്സികളും വരാൻ തയ്യാറാകുന്നുമില്ല. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും സ്ഥിരം സംഭവമാണ്. അടിയന്തിരമായി ടാറിംഗ് നടത്തിയില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമരം നടത്താനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.