ഇടുക്കി : ഇടുക്കി കുമളിയിൽ 64 വയസ്സുകാരിക്ക് കെഎസ്ഇബിയുടെ പഴകിയ സ്റ്റേവയറിൽ നിന്ന് ഷോക്കേറ്റ് മസിലുകൾക്കും കൈവെള്ളയിലും പരിക്കേറ്റു.ഇടുക്കി കുമളിയിൽ പുത്തൻപുരയിൽ വീട്ടിൽ ശ്രീമതി മേരി പി ഐ ആണ് ഷോക്കേറ്റത്. കെഎസ്ഇബിയുടെ സ്റ്റേവയറിൽ നിന്ന് ഷോക്കേറ്റ് മസിലുകൾക്കും കൈവെള്ളയിലും പരിക്കേറ്റ ഇവരെ കുമളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർഷങ്ങളായി പഴക്കം വന്ന തേക്കിന്റെ പോസ്റ്റ് മാറ്റാൻ പലതവണ പ്രദേശവാസികൾ പരാതി നൽകിയിട്ടും കെഎസ്ഇബി അധികൃതർ മാറാൻ തയ്യാറാകാതെ നിൽക്കുകയായിരുന്നു. നവകേരളത്തിൽ സദസ്സിൽ അടക്കം പരാതി കൊടുത്ത് മന്ത്രി വരെ ഇടപെട്ടിട്ടും പോസ്റ്റ് മാറി നൽകാൻ കുമളിയിലെ കെഎസ്ഇബി അധികൃതർ തയ്യാറായിരുന്നില്ല. ഇന്ന് ഗുരുതരമായ അനാസ്ഥ മൂലം മേരി എന്ന 64 വയസ്സുകാരിയ്ക്ക് ഷോക്കേറ്റ് സ്വന്തം പുരയിടത്തിൽ വീഴുകയായിരുന്നു.തുടർന്ന് വീട്ടിലുള്ളവരും പ്രദേശവാസികളും ഓടിക്കൂടി ആശുപത്രിയിലാക്കി. പിന്നീട് കെഎസ്ഇബി അധികൃതരുമായി ഷാജിമോൻ കളരിക്കൽ, വി കെ സജി മറ്റു പ്രദേശവാസികൾ എന്നിവർ നടത്തിയ ചർച്ചയിൽ ഇന്നുതന്നെ പഴക്കം വന്ന തേക്കിന്റെ പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറായി.കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്ന് വന്ന ഈ ഗുരുതരവീഴ്ചയ്ക്ക് ഉദ്യോഗസ്ഥർ ക്ഷമ ചോദിക്കുകയും ചെയ്തു.