ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐ.ജി കെ സേതുരാമൻ, ഇടുക്കി മുൻ കളക്ടർ എച്ച് ദിനേശൻ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഉദ്യോസ്ഥർക്ക് നിർദ്ദേശം നല്‍കിയത്.
ഇടുക്കിയിലെ പരുന്തുംപാറയിലുള്ള സർക്കാർ ഭൂമിയില്‍ 110 ഏക്കറോളം കയ്യേറിയെന്ന് റവന്യൂ വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടത്തിയിരുന്നു. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് 40 ഏക്കറോളം തിരിച്ചു പിടിച്ചതായി കാണിച്ച് ബോർഡ് സ്ഥാപിച്ചു. എന്നാല്‍ കയ്യേറ്റക്കാർക്കെതിരെ എല്‍.സി കേസ് എടുക്കുന്നതടക്കമുളള നടപടികളില്‍ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. ഇതോടെയാണ് സംഭവത്തില്‍ ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച ഐ.ജി കെ സേതുരാമന്റെയും മുൻ ഇടുക്കി ജില്ല കളക്ടർ എച്ച് ദിനേശന്റെയും നേതൃത്വത്തിലുള്ള സംഘം ഇടപെട്ടത്. സംഘത്തിലെ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. തുടർന്ന് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈൻ യോഗം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു വില്ലേജുകളിലായി അനുവദിച്ചിട്ടുള്ള പട്ടയങ്ങളുടെ ഫയലുകള്‍ പരിശോധിക്കും. ഇതില്‍ ചിലതില്‍ മറ്റൊരു ഭാഗത്തെ സർവേ നമ്പരും വനഭൂമിയുടെ നമ്പറും രേഖപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്. രണ്ടു വില്ലേജുകളിലും നടത്തിയ ഡിജിറ്റല്‍ സർവേയുടെ വിശദാംശങ്ങളും സംഘം ശേഖരിക്കും. ഇതില്‍ നിന്നും നഷ്ടപ്പെട്ട ഭൂമിയുടെ അളവും കയ്യേറിയ ആളുകളെയും കണ്ടെത്താനാകും.
ഇതോടൊപ്പം വാഗമണ്ണിലെ രണ്ട് വൻകിട കയ്യേറ്റങ്ങളെ സംബന്ധിച്ചും ഇവിടുത്തെ വ്യാജ പട്ടയത്തെക്കുറിച്ചും അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൊന്നത്തടി വില്ലേജിലെ കയ്യേറ്റം സംബന്ധിച്ച് സംഘത്തിന് വിവരം ശേഖരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണവും വേഗത്തിലാക്കും. ഝാർഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള എച്ച് ദിനേശൻ തിരിച്ചെത്തിയ ശേഷം സംഘാംഗങ്ങള്‍ നേരിട്ട് സ്ഥലത്ത് പരിശോധനയും നടത്തും. മൂന്ന് സ്ഥലത്തെയും അന്വേഷണം പൂർത്തിയാക്കി അടുത്ത മാസം 20 ന് ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും.