ഇടുക്കി: തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണവും ലയങ്ങളുടെ സുരക്ഷിതാവസ്ഥയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് സംസ്ഥാനത്ത് നടത്തിവരുന്ന പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ലയങ്ങളുടെ ശോച്യാവസ്ഥ ഉള്‍പ്പെടെ 224 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിനോടകം 75 തോട്ടങ്ങളില്‍ പരിശോധന പൂർത്തിയാക്കിയതായി ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ലയങ്ങളുടെ ശോച്യാവസ്ഥ, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴില്‍ നിയമലംഘനങ്ങള്‍ എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. പുതുതായി വീഴ്ചകള്‍ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം വിശദാംശങ്ങള്‍ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് 15 ദിവസത്തിനകം പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നല്കി.
സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തില്‍ ലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്ന് കമ്മിഷണർ നിർദേശിച്ചു. സംസ്ഥാനത്തെ വിവിധ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 25 പരിശോധനകളിലായി 54 നിയമലംഘനങ്ങളാണ് ഇടുക്കിയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 3 തോട്ടങ്ങളിലായി 4, കൊല്ലത്ത് 3 ഇടങ്ങളില്‍ 30, പത്തനംതിട്ട 3 ഇടത്തായി 6, എറണാകുളത്ത് 10 തോട്ടങ്ങളിലായി 30, പാലക്കാട് 9 ഇടത്തായി 51, കോഴിക്കോട് 8 ഇടങ്ങളില്‍ 39, വയനാട്ടില്‍ 14 എസ്റ്റേറ്റുകളിലായി 10 നിയമ ലംഘനങ്ങള്‍ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോട്ടം തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും അവകാശ സംരക്ഷണങ്ങളും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അംഗൻവാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ മറ്റു തൊഴില്‍ നിയമ ലംഘനങ്ങള്‍ എന്നിവ പ്രധാന പരിഗണനയാക്കി പാന്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തിവരികയാണ്. ഇതിനായി വകുപ്പ് പ്രത്യേകം മാർഗ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു. തുടർ പരിശോധനകള്‍ ഉറപ്പാക്കുമെന്നും നോട്ടീസ് കാലാവധി തീരുന്ന മുറയ്ക്ക് പ്രശ്നപരിഹാരത്തില്‍ പിന്നോട്ട് നില്ക്കുന്ന തോട്ടമുടകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു.