മുംബൈ: ഓണ്‍ലൈൻ തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയ വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് 54 ലക്ഷം രൂപ നഷ്ടമായതായി പരാതി. നവി മുംബൈ എയ്റോളിയില്‍ താമസിക്കുന്ന 37 വയസുകാരിയായ ഗർഭിണിയായ യുവതിയാണ് വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്ബാദിക്കാനുള്ള അവസരം തിരഞ്ഞ് കെണിയില്‍ വീണത്. പ്രസവ അവധിയിലായിരുന്ന യുവതി, ഈ സമയം വീട്ടിലിരുന്ന് ജോലി ചെയ്ത് അധിക വരുമാനമുണ്ടാക്കാനാവുമോ എന്ന് അന്വേഷിച്ചാണ് തട്ടിപ്പില്‍ ചെന്നു പതിച്ചത്. ഫ്രീലാൻസ് ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈൻ തട്ടിപ്പുകാർ യുവതിയുമായി ബന്ധപ്പെട്ടു. കമ്ബനികളെയും റസ്റ്റോറന്റുകളെയും റേറ്റ് ചെയ്യുന്നത് പോലുള്ള ചില ലളിതമായ ജോലികളാണ് സംഘം നല്‍കിയത്. അഞ്ച് ടാസ്കുകള്‍ തീർത്ത് കഴിയുമ്ബോള്‍ നിശ്ചിത തുക പ്രതിഫലമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തു.
വാഗ്ദാനങ്ങള്‍ വിശ്വസിച്ച യുവതി ജോലി ചെയ്യാൻ ആരംഭിച്ചു. പിന്നീടാണ് ഇവരുടെ നിർദേശ പ്രകാരം പല ബാങ്ക് അക്കൗണ്ടുകളിലായി 54,30,000 രൂപ ട്രാൻസ്ഫർ ചെയ്തു കൊടുത്തത്. മേയ് ഏഴിനും പത്തിനും ഇടയിലാണ് ഇത്രയും തുക നല്‍കിയതെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ പിന്നീട് ഇവരെ ആരെയും ബന്ധപ്പെടാൻ സാധിക്കാതെ വന്നു. ഇതിന് പിന്നാലെ നവി മുംബൈ സൈബർ പൊലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം അജ്ഞാതരായ നാല് വ്യക്തികള്‍ക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം തുടരുകയാണ്. ഓണ്‍ലൈൻ ജോലികള്‍ അന്വേഷിച്ച് തട്ടിപ്പില്‍ പെടുന്ന സംഭവങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.